
മുംബൈ: ബയോഫാർമ കമ്പനിയായ ബയോകോൺ കരാർ നിർമ്മാണ സേവന സ്ഥാപനമായ സിൻജീൻ ഇന്റർനാഷണലിലെ അവരുടെ ഓഹരിയുടെ ഒരു ഭാഗം ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വിൽക്കാൻ ഒരുങ്ങുന്നതായി സിഎൻബിസി ആവാസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
ഇടപാട് നിലവിലെ ഓഹരി വിലയേക്കാൾ 5 ശതമാനം കിഴിവിലായിരിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കമ്പനി തയ്യാറായില്ല. ബയോകോണിന് സിൻജീനിൽ 70 ശതമാനം ഓഹരിയുണ്ട്.
നിലവിൽ സിൻജെൻ ഇന്റർനാഷണൽ ഓഹരികൾ ബിഎസ്ഇയിൽ 0.66 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 582.75 രൂപയിലും ബയോകോണിന്റെ ഓഹരികൾ 0.56 ശതമാനം ഇടിഞ്ഞ് 291.75 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്. 2022 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ സിൻജീൻ ഇന്റർനാഷണലിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 74 കോടി രൂപയായിരുന്നു.