മുംബൈ: മരുന്ന് നിർമ്മാതാക്കളായ ബയോകോൺ അവരുടെ ഗവേഷണ വിഭാഗമായ സിൻജീൻ ഇന്റർനാഷണലിന്റെ 5.4 ശതമാനം ഓഹരികൾ 1,220 കോടി രൂപയ്ക്ക് വിറ്റഴിച്ചു. ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെയായിരുന്നു നിർദിഷ്ട ഓഹരി വില്പന.
ബിഎസ്‌ഇയിൽ ലഭ്യമായ ഇടപാട് ഡാറ്റ അനുസരിച്ച് സിൻജീൻ ഇന്റർനാഷണലിന്റെ പ്രൊമോട്ടറായ ബയോകോൺ കമ്പനിയിലെ അവരുടെ 21,789,164 ഓഹരികൾ വിറ്റഴിച്ചു. ഇത് കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 5.4 ശതമാനം വരും.
സിൻജീൻ ഇന്റർനാഷണലിന്റെ തിങ്കളാഴ്ചത്തെ ക്ലോസിംഗ് വിലയായ 578.75 രൂപയെക്കാൾ മൂന്ന് ശതമാനം കിഴിവിൽ ഓഹരികൾ ഓരോന്നിനും ശരാശരി 560.04 രൂപ എന്ന നിരക്കിലാണ് വിൽപ്പന നടന്നത്.
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് ഉൾപ്പെടയുള്ള പ്രമുഖർ കമ്പനിയുടെ ഓഹരികൾ ഏറ്റെടുത്തതായാണ് ലഭിക്കുന്ന വിവരം. ജൂണിലെ കണക്കനുസരിച്ച് പ്രൊമോട്ടർമാരുടെ കൈവശമുള്ള 70.29 ശതമാനത്തിൽ ബയോകോണിന് സിൻജീനിൽ 69.99 ശതമാനം ഓഹരിയുണ്ട്.