
പുതിയ സിം കാര്‍ഡ് എടുക്കാൻ ഇനി മുതല്‍ ഫോം മാത്രം പൂരിപ്പിച്ച് നല്‍കിയാല്‍ പോര. മറിച്ച് ആധാര്‍-കേന്ദ്രീകൃത ബയോമെട്രിക്ക് വേരിഫിക്കേഷനും നടത്തണം എന്നാണ് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അല്ലാതെ എടുക്കുന്ന കണക്ഷനുകള്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്നു എന്ന നിഗമനമാണ് പുതിയ തീരുമാനത്തിനു പിന്നില്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ നേടിയ പുതിയ നിര്‍ദേശം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സിന് (ഡോട്ട്) കൈമാറി. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും.
ടെലികോം മേഖലയില്‍ നടത്തിയ അവലോകനത്തിന്റെ ഫലമാണ് പുതിയ നിര്‍ദ്ദേശം. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന പല ഫോൺ നമ്പറുകളും വ്യാജ സിമ്മുകള്‍ ഉപയോഗിച്ചാണ് നടത്തുന്നതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സിം കാര്‍ഡുകള്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വേരിഫിക്കേഷന് കീഴില്‍ കൊണ്ടുവരിക വഴി തട്ടിപ്പുകള്‍ കുറയ്ക്കാനായേക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, വ്യാജ ഡോക്യുമെന്റുകള്‍ വാങ്ങി സിം വില്‍ക്കുന്ന വില്‍പ്പനക്കാര്‍ക്കെതിരെയും കടുത്ത നിയമ നടപടികള്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ അധികാരികളോട് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഗവണ്‍മെന്റ് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു.
സൈബര്‍ തട്ടിപ്പുകാരെ കണ്ടെത്താന്‍ നിര്‍മിത ബുദ്ധി ടൂളുകള്‍ പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ആധാര്‍-അധിഷ്ഠിത ബയോമെട്രിക് വേരിഫിക്കേഷന്‍ വരുമ്പോള്‍ ഓണ്‍ലൈന്‍ ഫ്രോഡുകള്‍ ഗണ്യമായി കുറയുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്. ഇനി സിം കാര്‍ഡ് വേണമെന്നുള്ളവര്‍ ബയോമെട്രിക് വേരിഫിക്കേഷന്‍ നടത്തിയിരിക്കണം.
മറ്റൊരു ഡോക്യുമെന്റ് നല്‍കിയാലും സിം ലഭിക്കില്ല. ഇതിനു പുറമെ ഒരു കമ്യൂണിക്കേഷന്‍ പാര്‍ട്ണര്‍ പോര്‍ട്ടലും സ്ഥാപിക്കും. സൈബര്‍ തട്ടിപ്പിന് ഇടയായവര്‍ക്ക് പരാതികള്‍ ഇതുവഴി സമര്‍പ്പിക്കാം. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും ഇത് പ്രയോജനപ്പെടുത്താം.