മുംബൈ: എംപി ബിർള ഗ്രൂപ്പ് സ്ഥാപനമായ ബിർള കോർപ്പറേഷൻ 2030 ഓടെ അതിന്റെ സിമന്റ് ഉൽപ്പാദന ശേഷി 50 ശതമാനം വർധിപ്പിച്ച് പ്രതിവർഷം 30 ദശലക്ഷം ടണ്ണായി ഉയർത്താൻ പദ്ധതിയിടുന്നു. കമ്പനി അതിന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് ഈ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചത്.
2,744 കോടി രൂപ മുതൽമുടക്കിൽ മഹാരാഷ്ട്രയിലെ മുകുത്ബനിൽ ഗ്രീൻഫീൽഡ് യൂണിറ്റ് കമ്മീഷൻ ചെയ്ത കമ്പനിക്ക് പുതിയ ചില യൂണിറ്റുകൾ സ്ഥാപിക്കാനും നിലവിലുള്ള യൂണിറ്റുകളുടെ ഉൽപ്പാദനശേഷി വിപുലീകരിക്കാനും പദ്ധതിയുണ്ട്. കമ്പനിയുടെ നിലവിലെ ഉൽപ്പാദന ശേഷി 20 ദശലക്ഷം ടണ്ണാണ്.
ഈ വിപുലീകരണ പദ്ധതി മെച്ചപ്പെട്ട ലാഭക്ഷമതയും പണമൊഴുക്കും കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ട് ഉജ്ജ്വലമായ കാഴ്ചപ്പാട് വാഗ്ദാനം ചെയ്യുന്നതായി ബിർള കോർപ്പറേഷൻ പറഞ്ഞു. ബിർള കോർപ്പറേഷനും അതിന്റെ അനുബന്ധ സ്ഥാപനമായ ആർസിസിപിഎൽ പ്രൈവറ്റ് ലിമിറ്റഡും നിലവിൽ 11 സിമന്റ് പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നു. കൂടാതെ ഒരു ചണ മില്ലും കമ്പനിക്ക് സ്വന്തമായുണ്ട്.
വിപുലീകരണത്തിന്റെ ഭാഗമായി ബിർള കോർപ്പറേഷൻ മുൻപ് ഏറ്റെടുത്ത ആർസിസിപിഎൽ എന്ന കമ്പനിയുടെ മുകുത്ബനിലെ ഗ്രീൻഫീൽഡ് പ്ലാന്റിന്റെ 3.90 MT സംയോജിത സിമന്റ് സൗകര്യം കമ്പനി ഉദ്ഘാടനം ചെയ്തു. ഗയയിൽ 1.2-എംടിപിഎ ശേഷിയുള്ള പുതിയ ഗ്രൈൻഡിംഗ് സൗകര്യം സ്ഥാപിക്കാനും. കുന്ദങ്കഞ്ച് യൂണിറ്റിന്റെ ശേഷി 2 മെട്രിക് ടണ്ണിൽ നിന്ന് 3 മെട്രിക് ടണ്ണായി വികസിപ്പിക്കാനും സ്ഥാപനത്തിന് പദ്ധതിയുണ്ട്. ബിർള കോർപ്പറേഷന്റെ 2022 സാമ്പത്തിക വർഷത്തിലെ ഏകീകൃത വരുമാനം 7,560 കോടി രൂപയായിരുന്നു.