മുംബൈ: കമ്പനിയുടെ നിലവിലെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് പഥക് തന്റെ രാജി സമർപ്പിച്ചതായി എംപി ബിർള ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബിർള കോർപ്പറേഷൻ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.
എംഡി & സിഇഒ സ്ഥാനത്ത് നിന്നുള്ള അരവിന്ദ് പഥകിന്റെ രാജി 2022 ഡിസംബർ 31-ന് പ്രാബല്യത്തിൽ വരും. അതേസമയം കമ്പനിയുടെ നോമിനേഷൻ & റെമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സന്ദീപ് ഘോഷിനെ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് വർഷത്തേക്ക് മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചതായി ബിർള കോർപ്പറേഷൻ കൂട്ടിച്ചേർത്തു.
ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനി 56.46 കോടി രൂപയുടെ അറ്റ നഷ്ടവും 1999.83 കോടി രൂപയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനവുമാണ് രേഖപ്പെടുത്തിയത്. സിമന്റ്, ചണം, വിനോലിയം, ഓട്ടോ ട്രിം എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ബിർള കോർപ്പറേഷൻ ലിമിറ്റഡ് (ബിസിഎൽ).