മോസ്കൊ: ബിറ്റ്‌കോയിൻ(Bitcoin) ഖനനത്തിലെ ലോക ശക്തികളിൽ റഷ്യ(Russia) പ്രധാനിയായി മാറി എന്ന് വിദേശ മാധ്യമ റിപ്പോർട്ടുകൾ.
2023ൽ മാത്രം 54,000 ബിറ്റ് കോയിൻ ഖനനം ചെയ്തിട്ടുണ്ടെന്ന് ഈസ്റ്റേൺ ഇക്കണോമിക് ഫോറം (ഇഇഎഫ്/EEF) പ്ലീനറിയിൽ റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു. ഇത് സൈബീരിയയിലെ ഊർജ്ജമുപയോഗിച്ചാണ് നേടിയത് എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സൈബീരിയയിലെ ബിറ്റ് കോയിൻ ഖനനം രാജ്യത്തിൻ്റെ വികസനത്തിന് തടസ്സം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കാരണം, ധാരാളം ഊർജം ആവശ്യമുള്ള ഒരു മേഖലയാണ് ബിറ്റ് കോയിൻ ഖനനം.
2023-ൽ റഷ്യ ഏകദേശം 54,000 ബിറ്റ് കോയിൻ ഖനനം ചെയ്തു നികുതിയായി 55 കോടി ഡോളർ നേടി. ഇനിയും ഈ കണക്കുകൾ ഗണ്യമായി വളരുമെന്നാണ് പുടിന്റെ പ്രതീക്ഷ.
ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും റഷ്യ കൂടുതൽ താൽപ്പര്യം ഇപ്പോൾ കാണിക്കുന്നുണ്ട്. അടുത്തിടെ, ക്രിപ്‌റ്റോകറൻസി ഖനനം നിയമവിധേയമാക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു നിയമത്തിന് പുടിൻ അംഗീകാരം നൽകുകയും രാജ്യാന്തര പേയ്‌മെന്റുകൾക്കായി ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുന്നതിന് അനുവാദം നൽകുകയും ചെയ്തു.
പാശ്ചാത്യ ലോകത്തിൽ നിന്നുള്ള ഉപരോധങ്ങൾ മൂലം റഷ്യ ഒറ്റപ്പെട്ടിരിക്കുന്നതിനാൽ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമമാണ് ഇങ്ങനെ നടത്തുന്നത്.
2022-ൽ ക്രിപ്‌റ്റോകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ രാജ്യത്തിൻ്റെ മുൻ തീരുമാനത്തിൽ നിന്ന് നേരെ എതിരാണ് ഇപ്പോഴത്തെ ക്രിപ്റ്റോകറൻസികളോടുള്ള റഷ്യയുടെ മനോഭാവം.
എന്നാൽ ക്രിപ്റ്റോ പ്രവർത്തനങ്ങൾ രാജ്യത്തിൻ്റെ സാമൂഹിക വികസനത്തിന് തടസമാകരുതെന്ന് പുടിൻ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്.