മുംബൈ: എംബസി ഓഫീസ് പാർക്ക്സ് ആർഇഐടിയിലെ ഓഹരികൾ വിറ്റ് ആഗോള ഫണ്ടായ ബ്ലാക്ക്‌സ്റ്റോൺ. ഓഹരി വില്പനയിലൂടെ ബ്ലാക്ക്‌സ്റ്റോൺ 325 മില്യൺ യുഎസ് ഡോളർ (ഏകദേശം 2,650 കോടി രൂപ) സമാഹരിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ ആദ്യത്തെ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റാണ് (REIT) എംബസി ഓഫീസ് പാർക്ക്സ് ആർഇഐടി. ആർഇഐടി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബ്ലാക്‌സ്റ്റോൺ കമ്പനിയിലെ 7.7 കോടി ഓഹരികൾ സ്ഥാപന നിക്ഷേപകർക്ക് ഒരു ഓഹരിക്ക് 345 രൂപ നിരക്കിൽ വിറ്റതായാണ് റിപ്പോർട്ടുകൾ. ഈ ഇടപാടിന് ശേഷം കമ്പനിയിലെ ബ്ലാക്ക്‌സ്റ്റോണിന്റെ ഓഹരി പങ്കാളിത്തം മുൻപത്തെ 32 ശതമാനത്തിൽ നിന്ന് 24 ശതമാനമായി കുറഞ്ഞു.
ബ്ലാക്ക്‌സ്റ്റോൺ വിറ്റ ഓഹരികൾ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി(എഡിഐഎ), എച്ച്‌ഡിഎഫ്‌സി ലൈഫ്, കൊട്ടക് മ്യൂച്വൽ ഫണ്ട് എന്നിവ ഏറ്റെടുത്തതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
7 നഗരങ്ങളിലെ 38 ആസ്തികളിലായി ഏകദേശം 100 ദശലക്ഷം ചതുരശ്ര അടി ഓഫീസ് പോർട്ട്‌ഫോളിയോ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസ് ഉടമയാണ് ബ്ലാക്ക്‌സ്റ്റോൺ.