
മുംബൈ: ഇന്ത്യയുടെ കന്നി റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റായ എംബസി ഓഫീസ് പാർക്ക്‌സ് ആർഇഐടിയിലെ തങ്ങളുടെ ഓഹരിയുടെ ഒരു ഭാഗം വിൽക്കാൻ ഒരുങ്ങി യുഎസ് ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി പ്രമുഖരായ ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പ്. ഓഹരി വില്പനയിലൂടെ ഏകദേശം 400 മില്യൺ ഡോളർ സമാഹരിക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ബ്ലോക്ക് ഇടപാടുകൾ വഴിയാണ് ഓഹരി വിൽപ്പന നടത്തുകയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 2019 ഏപ്രിലിൽ ആർഇഐടിയെ ഇന്ത്യൻ ഓഹരി വിപണയിൽ ലിസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്ച എംബസി ഓഫീസ് പാർക്ക്സ് ആർഇഐടി ഓഹരികൾ 354.67 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അബുദാബിയുടെ പരമാധികാര ഫണ്ടായ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഎഎ) ഈ ബ്ലോക്ക് ഇടപാടുകളിൽ പങ്കെടുക്കുകയും ആർഇഐടിയുടെ 200 മില്യൺ ഡോളർ മൂല്യമുള്ള ഓഹരിഏറ്റെടുക്കുകയൂം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഈ മാധ്യമ റിപ്പോർട്ടുകളോട് എഡിഐഎ പ്രതികരിച്ചില്ല.
എംബസി ഓഫീസ് പാർക്ക്സ് ആർഇഐടിയുടെ 1.7 ബില്യൺ ഡോളർ മൂല്യം വരുന്ന ഓഹരികൾ ബ്ലാക്ക്‌സ്റ്റോണിന്റെ കൈവശമുണ്ട്. ബിഎൻപി പരിബാസ് ആർബിട്രേജ്, അമേരിക്കൻ ഫണ്ടസ് ഗ്ലോബൽ ബാലൻസ്ഡ് ഫണ്ട്, സ്റ്റിച്ചിങ് ഡിപ്പോസിറ്ററി എപിജി, ഇന്റഗ്രേറ്റഡ് കോർ സ്ട്രാറ്റജിസ് (Asia) എന്നിവയുൾപ്പെടെയുള്ള സ്ഥാപന നിക്ഷേപകരും ഫണ്ടുകളും കമ്പനിയിലെ നിക്ഷേപകരാണ്.