ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കറസ്‌പോണ്ടന്റായ സീറോ മാസ് പ്രൈവറ്റ് ലിമിറ്റഡിനെ (ZMPL) ഏറ്റെടുത്തതായി പ്രഖ്യാപിച്ച് ഗവൺമെന്റുകൾക്കും പൗരന്മാർക്കുമുള്ള ആഗോള സാങ്കേതിക സേവന പങ്കാളിയായ ബിഎൽഎസ് ഇന്റർനാഷണൽ. സ്ഥാപനത്തിന്റെ പ്രധാന പ്രൊമോട്ടറായ അനുരാഗ് ഗുപ്തയുടെ കൈവശമുള്ള 63.94% മുഴുവൻ ഓഹരി ഉൾപ്പെടെ 120 കോടി രൂപയുടെ ഇക്വിറ്റി പരിഗണനയ്ക്കായി സീറോ മാസിന്റെ 100% ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കാനാണ് ബിഎൽഎസ് പദ്ധതിയിടുന്നത്. ഇതിനകം പൂർത്തിയാക്കിയ ഇടപാടുകൾക്ക് അനുസൃതമായി ഇപ്പോൾ ബിഎൽഎസ്സിന് സീറോ മാസിൽ 88.26% ഇക്വിറ്റി ഓഹരിയുണ്ട്. സീറോ മാസിന്റെ 6.83% ഇക്വിറ്റി ഓഹരി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കയ്യിലാണ്.
ഈ ഏറ്റെടുക്കലോടെ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് കറസ്‌പോണ്ടന്റ് ശൃംഖലയായി തങ്ങൾ മാറിയെന്ന് ബിഎൽഎസ് ഇന്റർനാഷണൽ അറിയിച്ചു.
ബിഎൽഎസ്ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ബിഎൽഎസ് ഇ-സർവീസ്സ് ലിമിറ്റഡ് ആണ് നിർദ്ദിഷ്ട ഇടപാട് നടത്തിയത്. ഈ ഏറ്റെടുക്കലിലൂടെ ബിഎൽഎസ് ഇന്റർനാഷണൽ അതിന്റെ ബിസി ബിസിനസ്സ് വിപുലീകരിക്കാനും ഏകീകരിക്കാനും പദ്ധതിയിടുന്നു. ഏകദേശം 11,500 സജീവ സിഎസ്പികളുള്ള ഏറ്റവും വലിയ ബിസി നെറ്റ്‌വർക്കിന്റെ ഉടമസ്ഥരാണ് സീറോ മാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് ബിഎൽഎസ് ഇന്റർനാഷണൽ പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സിഎസ്പികൾ ഉള്ളതിനാൽ, സ്ഥാപനത്തിന് ഇന്ത്യയിലുടനീളം സാന്നിധ്യമുണ്ടെന്ന് പറയപ്പെടുന്നു. എസ്ബിഐക്ക് പുറമെ ഉത്കൽ ഗ്രാമീണ് ബാങ്കുമായും കരൂർ വൈശ്യ ബാങ്കുമായും സീറോ മാസിന് കരാറുകളുണ്ട്.