
ബാംഗ്ലൂർ: ബാംഗ്ലൂർ മെട്രോ റെയിൽ പ്രൊജക്ടിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വരാനിരിക്കുന്ന റീച്ച്-6-നായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് (ബിഎംആർസിഎൽ) രണ്ട് പുതിയ ഓർഡറുകൾ കമ്പനി നേടിയതായി അറിയിച്ച് എയർ കണ്ടീഷനിംഗ്, കൊമേഴ്‌സ്യൽ റഫ്രിജറേഷൻ കമ്പനിയായ ബ്ലൂ സ്റ്റാർ ലിമിറ്റഡ്.
ഓർഡറുകളുടെ മൊത്തം മൂല്യം 390 കോടി രൂപയാണ്. അതിൽ ടണൽ വെന്റിലേഷൻ സിസ്റ്റം (ടിവിഎസ്), എൻവയോൺമെന്റൽ കൺട്രോൾ സിസ്റ്റം (ഇസിഎസ്) എന്നിവയുടെ അറ്റകുറ്റപ്പണികളും ബാംഗ്ലൂരിലെ റീച്ച്-6 ലെ ആറ് ഭൂഗർഭ സ്റ്റേഷനുകൾക്കും അനുബന്ധ ടണൽ സെക്ഷനുകൾക്കുമായി എസ്സിഎഡിഎ വർക്കുകൾ ഉൾപ്പെടെയുള്ള ഒരു ടേൺകീ പ്രോജക്റ്റാണ് ആദ്യത്തേത്ത്. ഇതിന്റെ ഓർഡർ മൂല്യം 203 കോടി രൂപയാണ്. വെള്ളറ ജംഗ്ഷൻ, എംജി റോഡ്, ശിവാജി നഗർ, കന്റോൺമെന്റ്, പോട്ടറി ടൗൺ, ടാനറി റോഡ് എന്നിവയാണ് ആറ് ഭൂഗർഭ സ്റ്റേഷനുകൾ.
കമ്പനിക്ക് ലഭിച്ച 187 കോടി രൂപ വിലമതിക്കുന്ന രണ്ടാമത്തെ ഓർഡർ അഞ്ച് ഭൂഗർഭ സ്റ്റേഷനുകൾക്കും അനുബന്ധ ടണൽ സെക്ഷനുകൾക്കും റീച്ചിലെ അഞ്ച് എലവേറ്റഡ് സ്റ്റേഷനുകൾക്കുമുള്ള ഹൈഡ്രോളിക്, അഗ്നി സുരക്ഷാ സംവിധാനങ്ങൾ, ബാക്കപ്പ് പവർ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ഇലക്ട്രിക്കൽ & മെക്കാനിക്കൽ (ഇ ആൻഡ് എം) ജോലികൾക്കുള്ളതാണ്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഗൃഹോപകരണ കമ്പനിയാണ് ബ്ലൂ സ്റ്റാർ ലിമിറ്റഡ്. കമ്പനി എയർ കണ്ടീഷനിംഗ്, വാണിജ്യ റഫ്രിജറേഷൻ തുടങ്ങിയവയുടെ പ്രമുഖ നിർമ്മാതാവാണ്.