
ഗുരുഗ്രാം: 2022 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 5,570 കാറുകളും 3,114 മോട്ടോർസൈക്കിളുകളും വിതരണം ചെയ്തുകൊണ്ട് അവരുടെ എക്കാലത്തെയും മികച്ച അർദ്ധവാർഷിക വിൽപ്പന കാഴ്ചവെച്ച് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ. എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയിൽ അതിവേഗവും സ്ഥിരതയുള്ളതുമായ മുന്നേറ്റം നടത്തുകയാണെന്നും, ആഭ്യന്തര അന്താരാഷ്‌ട്ര വിപണിയിലെ വിവിധ ഘടകങ്ങൾ മൂലമുണ്ടായ പ്രതിസന്ധികൾക്കിടയിലും ബിഎംഡബ്ല്യു, മിനി, ബിഎംഡബ്ല്യു മോട്ടോറാഡ് എന്നിവയുടെ എക്കാലത്തെയും മികച്ച അർദ്ധവാർഷിക വിൽപ്പന തങ്ങൾ കൈവരിച്ചതായും ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പറഞ്ഞു. BMW X1, BMW X3, BMW X4, BMW X5, BMW X7 എന്നിവയുൾപ്പെടെ പ്രാദേശികമായി നിർമ്മിച്ച സ്‌പോർട്‌സ് ആക്‌റ്റിവിറ്റി വെഹിക്കിൾ (SAV) ശ്രേണിയിൽ നിന്ന് ഏകദേശം 50% സംഭാവന ബിഎംഡബ്ല്യു ഇന്ത്യയ്ക്ക് ലഭിച്ചു. കൂടാതെ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസും ബിഎംഡബ്ല്യു 5 സീരീസും അതത് സെഗ്‌മെന്റുകളിൽ മികച്ച ഡിമാൻഡ് നേടി.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മിനി ഇന്ത്യ 50% വളർച്ച കൈവരിച്ചപ്പോൾ ബിഎംഡബ്ല്യു 65.4% വളർച്ചയോടെ 5,191 വാഹനങ്ങൾ വിറ്റഴിച്ചു. ഇതേ കാലയളവിൽ മോട്ടോറാഡ് ഇന്ത്യ അതിന്റെ ആക്കം തുടരുകയും 56.7% വളർച്ച നേടുകയും ചെയ്തു, ഇതിൽ ബിഎംഡബ്ല്യു ജി 310 ആർ, ബിഎംഡബ്ല്യു ജി 310 ജിഎസ് എന്നിവ ചേർന്ന് ഏകദേശം 90% വിഹിതം നേടി. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റിൽ പ്രാദേശികമായി 13 കാർ മോഡലുകൾ നിർമ്മിക്കുന്നുണ്ട്. ബിഎംഡബ്ല്യു, മിനി, ബിഎംഡബ്ല്യു മോട്ടോറാഡ് എന്നിവയുൾപ്പെടെ ബിഎംഡബ്ല്യു ഗ്രൂപ്പിന് നിലവിൽ രാജ്യത്തുടനീളം 80-ലധികം ടച്ച് പോയിന്റുകളുണ്ട്.