ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ വിമാനനിർമാണ കമ്പനികളിലൊന്നായ അമേരിക്കയിലെ ‘ബോയിങ്’ ഇന്ത്യയിൽ ഉത്പാദനം തുടങ്ങാനൊരുങ്ങുന്നു.
ബെംഗളൂരുവിലെ ദേവനഹള്ളിയിലുള്ള കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എയ്റോസ്‌പേസ് പാർക്കിലാണ് നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നത്. 43 ഏക്കറിൽ 1,600 കോടി രൂപ മുതൽമുടക്കിലാണ് ഇത് സജ്ജമാക്കുക. യു.എസിന് പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറിയായിരിക്കും ഇത്.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായ ‘എയർ ഇന്ത്യ’യിൽ നിന്ന് 220 വിമാനങ്ങൾക്കുള്ള കരാർ ഈയിടെ ബോയിങ്ങിന് ലഭിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കരാറാണ് ഇത്.
ഇന്ത്യയിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ സംഭരണം ഉയർത്താൻ പുതിയ പ്ലാന്റ് വഴിവെയ്ക്കും.
നിലവിൽ പ്രതിവർഷം 8,000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് കമ്പനി ഇന്ത്യയിൽനിന്ന് സംഭരിക്കുന്നത്. ഇത് 10,000 കോടി രൂപയായി ഉയർത്താനാണ് പദ്ധതി.