ന്യൂഡൽഹി : സെക്യൂരിറ്റി മാർക്കറ്റിൽ നിന്ന് കമ്പനിയെയും പ്രമോട്ടർമാരെയും രണ്ട് വർഷം വരെ വിലക്കിയ സെബി നടപടിക്കെതിരെ ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ്. വിധിക്കെതിരെ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് കമ്പനി ശനിയാഴ്ച അറിയിച്ചു. സാമ്പത്തിക റിപ്പോർട്ടിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ ബോംബെ ഡൈയിംഗിനെയും ,പ്രൊമോട്ടർമാരായ നുസ്ലി എൻ വാഡിയ, നെസ് വാഡിയ, ജഹാംഗീർ വാഡിയ എന്നിവരുൾപ്പെടെ 10 പേരെയും സെബി രണ്ട് വർഷത്തേക്ക് സെക്യൂരിറ്റീസ് മാർക്കറ്റുകളിൽ നിന്ന് വിലക്കിയിരുന്നു.
വഞ്ചനയിൽ ഏർപ്പെട്ടതിന് 15.75 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. വാഡിയ ഗ്രൂപ്പ് കമ്പനിയായ സ്‌കാൽ സർവീസസ് ലിമിറ്റഡ്, അന്നത്തെ ഡയറക്ടർമാർ – ഡി എസ് ഗഗ്രത്, എൻ എച്ച് ഡാറ്റൻവാല ശൈലേഷ് കാർണിക്, ആർ ചന്ദ്രശേഖരൻ – ബോംബെ ഡൈയിംഗ് ജോയിന്റ് മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്ന ദുർഗേഷ് മേത്ത എന്നിവരാണ് സെബി നടപടി നേരിട്ട മറ്റുള്ളവർ. ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നിയമപരമായ അവകാശം വിനിയോഗിക്കുമെന്നും നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും ബോംബെ ഡൈയിംഗ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
സംശയാസ്‌പദമായ കണക്കുകൾ ഓഡിറ്റ് കമ്മിറ്റി അവലോകനം ചെയ്യുകയും നിയമാനുസൃത ഓഡിറ്റർമാർ അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്‌തതാണെന്നും വക്താവ് പറഞ്ഞു. മാത്രമല്ല ഒരു പതിറ്റാണ്ട് മുൻപത്തെ കണക്കുകളാണ് ഇത്. ഇടപാടുകളെല്ലാം പൂർണ്ണമായും നിയമാനുസൃതവുമാണെന്ന നിലപാടിലാണ് കമ്പനി.