മുംബൈ: പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ കമ്പനിക്ക് 1128 കോടി രൂപ ടാക്സ് തിരികെ നൽകാൻ ആദായനികുതി വകുപ്പിന് ബോംബെ ഹൈക്കോടതിയുടെ നിർദേശം.
2016-17 സാമ്പത്തികവർഷം കമ്പനി നികുതിയായി അടച്ച തുകയാണിത്.
സമയപരിധി കഴിഞ്ഞതിനാൽ ഈ വർഷം ഓഗസ്റ്റിൽ ആദായനികുതി വകുപ്പ് പുറത്തിറക്കിയ അസസ്മെന്‍റ് ഉത്തരവ് നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
റീഫണ്ട് അനുവദിക്കുന്നില്ല എന്നു കാണിച്ച് ആദായനികുതി വകുപ്പിനെതിരേ വൊഡഫോണ്‍ ഐഡിയ കമ്പനി നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
30 ദിവസത്തിനുള്ളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ അസസിംഗ് ഓഫീസർ വീഴ്ച വരുത്തിയതായും ജസ്റ്റീസുമാരായ കെ.ആർ. ശ്രീറാമും നീല ഗോഖലെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
അസസ്മെന്‍റ് വർഷമായ 2016-17ൽ നികുതിയായി അടച്ച പണത്തിൽനിന്ന് റീഫണ്ട് അനുവദിക്കുന്നതിൽ ആദായനികുതി വകുപ്പ് വീഴ്ച വരുത്തി എന്നതാണ് വൊഡഫോണ്‍ ഐഡിയ കമ്പനിയുടെ ഹർജി.
വരുമാനത്തെ അടിസ്ഥാനമാക്കി നൽകേണ്ട നിയമപരമായ നികുതിയേക്കാൾ കൂടുതലാണ് ചുമത്തിയതെന്നും കമ്പനി ആരോപിക്കുന്നു.
വൊഡഫോണിന്‍റെ കേസ് തികച്ചും പ്രാഥമികമാണെന്നും ചുമതലകൾ നിർവഹിക്കുന്നതിൽ ബന്ധപ്പെട്ട മൂല്യനിർണയ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് പൂർണമായ ഉദാസീനതയും അശ്രദ്ധമായ സമീപനവും ഉണ്ടായതായും ബെഞ്ച് നിരീക്ഷിച്ചു.
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് പറഞ്ഞ കോടതി, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് നിർദേശിച്ചു.