
ന്യൂഡല്‍ഹി: ബോണ്ട് യീല്‍ഡുകള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ട്രഷറി നഷ്ടം ബാങ്കുകള്‍ക്ക് തലവേദനയാകുന്നു. ട്രഷറി ബോണ്ടുകളില്‍ നിന്നുള്ള വരുമാനക്കുറവിന് അനുപാതികമായി ലാഭം ഇടിയുന്നതാണ് കാരണം. ഉയര്‍ന്ന പണപ്പെരുപ്പവും തുടര്‍ന്ന് കേന്ദ്രബാങ്ക് സ്വീകരിക്കുന്ന കര്‍ശന നിലപാടുകളുമാണ് ബോണ്ട് യീല്‍ഡ് വര്‍ധിപ്പിക്കുന്നത്.
ബോണ്ട് പോര്‍ട്ട്‌ഫോളിയോയിലെ 6549 കോടി രൂപയുടെ ആഘാതം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തന ലാഭത്തില്‍ 33 ശതമാനത്തിന്റെ കുറവുണ്ടാക്കി. മറ്റ് ബാങ്കുകളുടെ കാര്യവും സമാനമാണ്. ലിസ്റ്റുചെയ്ത 28 വാണിജ്യ ബാങ്കുകളുടെ പലിശേതര വരുമാനം ജൂണ്‍ പാദത്തില്‍ 28 ശതമാനം തുടര്‍ച്ചയായ ഇടിവ് കാണിച്ചു.
ട്രഷറി നഷ്ടമാണ് ബാങ്കുകളുടെ പലിശേതര വരുമാനം കുറയ്ക്കുന്നത്. കൂടാതെ ഫീസ് വരുമാനത്തിലെ കുറവും തിരിച്ചടിയായി. എസ്ബിഐയുടെ കാര്യത്തില്‍, പലിശ ഇതര വരുമാനത്തിന്റെ കുറവ് വാര്‍ഷികാടസ്ഥാനത്തില്‍ 80 ശതമാനമാണ്. അതേസമയം റിസര്‍വ് ബാങ്ക് ഇനിയും പലിശനിരക്ക് വര്‍ധിപ്പിക്കുയാണെങ്കില്‍ ആനുപാതികമായി ബോണ്ട് യീല്‍ഡിലും വര്‍ധനവ് വരും.
അത് ട്രഷറി ബോണ്ടിലുള്ള വരുമാനത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. പലിശ നിരക്ക് 100 ബേസിസ് പോയിന്റില്‍ അധികമായ ഏപില്‍ മുതല്‍ 10 വര്‍ഷത്തെ സോവറിന്‍ ബോണ്ട് യീല്‍ഡ് ഏകദേശം 7.35 ശതമാനമാണ്. ഇത് 7..50 ശതമാനമായി ഉയരുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
ഈയിനത്തിലുള്ള പ്രവര്‍ത്തന ലാഭനഷ്ടം വരും പാദങ്ങളിലും വര്‍ധിക്കുമെന്നര്‍ത്ഥം. എന്നാല്‍ ബോണ്ട് പോര്‍ട്ട്‌ഫോളിയോയില്‍ തകരാര്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് എസ്ബിഐ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുന്നു. ജൂണ്‍ പാദത്തില്‍ ട്രഷറി ലാഭവും കുറഞ്ഞ മാര്‍ക്ക്ടുമാര്‍ക്കറ്റ് നഷ്ടവും റിപ്പോര്‍ട്ട് ചെയ്ത ഏക സ്ഥാപനം ഐസിഐസിഐ ബാങ്കാണ്.