
2024-25ല്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം (ബോണ്ട് യീല്‍ഡ്) കുത്തനെ കുറയുന്നതാണ് കണ്ടത്. 2025-26 സാമ്പത്തിക വര്‍ഷത്തിലും ഈ പ്രവണത തുടരാനുള്ള സാധ്യതയാണ് വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നത്.
പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം 6.25 ശതമാനം മുതല്‍ 6.30 ശതമാനം വരെയായി കുറഞ്ഞേക്കാമെന്നാണ് നിഗമനം. അതായത് 0.25 ശതമാനം മുതല്‍ 0.30 ശതമാനം വരെ ബോണ്ട് വരുമാനം കുറയാനാണ് സാധ്യത.
റെപ്പോ നിരക്ക് വീണ്ടും കുറയ്‌ക്കാന്‍ ആര്‍ബിഐ തയാറായേക്കുമെന്നത് ബോണ്ട് വരുമാനം കുറയാനുള്ള സാധ്യത ശക്തിപ്പെടുത്തുന്നു. പലിശനിരക്ക് കൂടുമ്പോള്‍ നിലവിലുള്ള ഉയര്‍ന്ന പലിശയുള്ള ബോണ്ടുകള്‍ക്കുള്ള ഡിമാന്റ് കൂടുകയാണ് ചെയ്യാറുള്ളത്.
നിലവിലുള്ള ബോണ്ടുകളുടെ വില കൂടുമ്പോള്‍ ബോണ്ട് വരുമാനം കുറയുന്നു. പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വ്യാപാര ദിനമായ വെള്ളിയാഴ്‌ച 6.57 ശതമാനം ആയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനത്തില്‍ 0.47 ശതമാനം ഇടിവാണുണ്ടായത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്. സര്‍ക്കാര്‍ ബോണ്ടുകളുടെ വരുമാനം കുറയുന്നത് പൊതുവെ കമ്പനികളുടെ വായ്‌പാ ചെലവ് കുറയുന്നതിന് വഴിവെക്കാറുണ്ട്. കോര്‍പ്പറേറ്റ് ബോണ്ടുകളുടെ ഒരു അടിസ്ഥാന സൂചിക ആയിട്ടാണ് സര്‍ക്കാര്‍ ബോണ്ടുകളുടെ വരുമാനം പരിഗണിക്കുന്നത്. ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് റെപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 6.25 ശതമാനത്തിലേക്ക് എത്തിച്ചിരുന്നു.
ഇത് ബാങ്കുകളുടെ വായ്‌പാ നിരക്ക് കുറയുന്നതിനും വഴിവെച്ചു. ഏപ്രിലില്‍ വീണ്ടും റിസര്‍വ് ബാങ്ക് റെപ്പോ നിരക്ക് കാല്‍ ശതമാനം കൂടി കുറയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വായ്‌പാ നിരക്കുകള്‍ തുടര്‍ന്നും കുറയുന്നതിന് വേദിയൊരുക്കും.
പലിശനിരക്ക് കുറയുമ്പോള്‍ പുതിയ ബോണ്ടുകളിലും അത് പ്രതിഫലിക്കാറുണ്ട്. അതോടെ പഴയ ബോണ്ടുകള്‍ക്ക് ഡിമാന്റ് കൂടുകയും അത് ബോണ്ട് വരുമാനം കുറയുന്നതിന് വഴിവെക്കുകയും ചെയ്യുന്നു.