ന്യൂഡൽഹി: ഏഴ് വർഷംമുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേദിവസം കേന്ദ്ര സർക്കാർ എത്തിയതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്ന് കേരളം.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. കേസിൽ വൈകാതെ ഉത്തരവ് ഇറക്കും.
14-ാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ കേരളം അർഹതപെട്ടതിലും അധികം കടമെടുത്തു എന്നാണ് കേന്ദ്രത്തിന്റെ വാദം. അക്കാലത്ത് അധിക കടമെടുത്തതിനാൽ ഇപ്പോഴത്തെ കടപരിധിയിൽ അത് കണക്കാക്കണം എന്നും കേന്ദ്രം ഇന്നും സുപ്രീം കോടതിയിൽ വാദിച്ചു.
എന്നാൽ 14-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ കേരളം അധിക കടമെടുത്തതിന്റെ കണക്കുമായി കേന്ദ്രം എത്തിയത് സംസ്ഥാന ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് തലേദിവസം ആണെന്ന് കപിൽ സിബൽ ആരോപിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ പോലും കേന്ദ്രം ഈ കണക്കുമായി വന്നിട്ടില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിന് പിന്നിൽ വേറെ ലക്ഷ്യമുണ്ടെന്നും കപിൽ സിബൽ ആരോപിച്ചു.
14-ാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ കേരളം എടുത്ത അധിക കടമാണ് ഇപ്പോഴത്തെ കടപരിധി വെട്ടികുറയ്ക്കാൻ കാരണമായി കേന്ദ്രം ഉന്നയിക്കുന്ന പ്രധാന വാദം.
ഐസക് ധനകാര്യ മന്ത്രി ആയിരുന്ന കാലത്ത് GST യുടെ ഭാഗമായി കേന്ദ്രം നൽകിയ വായ്പയും സർക്കാരിന്റെ കടപരിധി വെട്ടികുറയ്ക്കാൻ കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്.
സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകിയ വിവിധ പദ്ധതികളിലായി കിഫ്ബി വഴി 80000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇതിൽ 25000 കോടിയുടെ പദ്ധതികളിൽ നിന്ന് സംസ്ഥാന സർക്കാരിന് വരുമാനം ലഭിക്കുന്നുവെന്നും കേരളം കോടതിയെ അറിയിച്ചു. കിഫ്ബി പദ്ധതികളിൽ നിന്ന് സംസ്ഥാനത്തിന് ഒരു വരുമാനവും ഇല്ലെന്ന കേന്ദ്ര വാദം നിരാകരിക്കാൻ ആണ് കപിൽ സിബൽ ഈ കണക്ക് സുപ്രീം കോടതിയിൽ നിരത്തിയത്.
ദേശിയ പാത അതോറിറ്റിക്കായി കേന്ദ്ര സർക്കാരും ബജറ്റ് ഇതര കടമെടുപ്പ് നടത്തുന്നുണ്ട് എന്നും സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ ദേശിയ പാത അതോറിറ്റി കിഫ്ബി പോലെ ഫലപ്രദമല്ലെന്നും സിബൽ ചൂണ്ടിക്കാട്ടി.
ഈ വാദം സമർത്ഥിക്കുന്നതിന് കേരളം നിരത്തിയത് കേന്ദ്ര സർക്കാർ റിപ്പോർട്ടുകൾ ആണ്. എന്നാൽ ഈ റിപ്പോർട്ടുകൾ കാലഹരണപെട്ടത് ആണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും അധികം നികുതി വരുമാനം ഉണ്ടാക്കിയ സംസ്ഥാനം ആണ് കേരളം എന്നും കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി.
അതെ സമയം 2023 -24 സാമ്പത്തിക വർഷത്തിൽ GSDP യുടെ 4.25 ശതമാനം ഇതുവരെ കേരളം കടം എടുത്തിട്ടുണ്ട് എന്നും ഇനി 25000 കോടി കൂടി കടമെടുക്കാൻ അനുവദിച്ചാൽ അത് 7 ശതമാനം കഴിയുമെന്നും കേന്ദ്രം ആരോപിച്ചു. എന്നാൽ വസ്തുതകളും ആയി ഒരു ബന്ധവും ഇല്ലാത്ത കണക്കാണ് ഇതെന്ന് കേരളം വാദിച്ചു.
അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി, അഡീഷണൽ സോളിസിസ്റ്റർ ജനറൽ എൻ വെങ്കിട്ട രാമൻ എന്നിവരാണ് കേന്ദ്രത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
കേരളത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റാന്റിംഗ് കോൺസൽ സി കെ ശശി, സീനിയർ ഗവർന്മെന്റ് പ്ലീഡർ വി. മനു എന്നിവർ ഹാജരായി.
ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരാണ് കേസിൽ വാദം കേട്ടത്.