മുംബൈ: കഴിഞ്ഞ രണ്ടാം പാദത്തിൽ 372.4 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി വാഹന ഘടക കമ്പനിയായ ബോഷ് ലിമിറ്റഡ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനി 372 കോടി രൂപ അറ്റാദായം നേടിയിരുന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 2,918 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ അവലോകന കാലയളവിൽ 3,662 കോടി രൂപയായി ഉയർന്നു.
ഓട്ടോമോട്ടീവ് വിപണിയുടെ തുടർച്ചയായ വീണ്ടെടുക്കലിന്റെ പിൻബലത്തിൽ ഡിമാൻഡിലുണ്ടായ കുതിച്ചുചാട്ടം ഈ പാദത്തിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാൻ സഹായിച്ചതായി ബോഷ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സൗമിത്ര ഭട്ടാചാര്യ പറഞ്ഞു. അർദ്ധചാലക വിതരണ പ്രശനങ്ങൾ താരതമ്യേന കുറഞ്ഞെങ്കിലും, വിതരണ ശൃംഖല ആവാസവ്യവസ്ഥ ദുർബലമായി തുടരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ ഉൾപ്പെടെയുള്ള അനിശ്ചിതത്വങ്ങൾക്കിടയിലും, മൂന്നാം പാദത്തിൽ ശക്തമായ പ്രകടനം നടത്താനാകുമെന്ന് ബോഷ് പ്രതീക്ഷിക്കുന്നു. ബുധനാഴ്ച കമ്പനിയുടെ ഓഹരികൾ 4.73 ശതമാനത്തിന്റെ നേട്ടത്തിൽ 17,223.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.