ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ടൈറ്റന്‍. ജൂണ്‍ പാദത്തില്‍ മികച്ച നേട്ടം കൈവരിച്ച കമ്പനിയില്‍ ബുള്ളിഷായിരിക്കയാണ് ബ്രോക്കറേജ് സ്ഥാപനങ്ങളായ ഐസിഐസിഐ സെക്യൂരിറ്റീസും ഷെയര്‍ഖാനും. ഐസിഐസിഐ സെക്യൂരിറ്റീസ് 2800 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ആവശ്യപ്പെടുമ്പോള്‍ 2900 രൂപയാണ് ഷെയര്‍ഖാന്‍ ടാര്‍ഗറ്റ് വില നിശ്ചയിച്ചിരിക്കുന്നത്.
2,17,356.69 കോടിയുടെ വിപണി മൂലധനമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ് ടൈറ്റന്‍. വാച്ചുകള്‍, ആഭരണങ്ങള്‍, സ്വര്‍ണ്ണം, ഐവിയര്‍, അപൂര്‍വ്വ രത്‌നങ്ങള്‍, ട്രെയ്ഡഡ് ചരക്കുകള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.ടാറ്റ ഗ്രൂപ്പിന്റെയും തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും (ടിഡ്‌കോ) സംയുക്ത സംരംഭമായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് (ടൈറ്റന്‍) ലോകത്തിലെ അഞ്ചാമത്തെ വലിയ ഇന്റഗ്രേറ്റഡ് ഓണ്‍ ബ്രാന്‍ഡ് വാച്ച് നിര്‍മ്മാതാക്കളാണ്.
303.12 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരിയാണ് കമ്പനിയുടേത്. 2022മാര്‍ച്ച്21ന് സ്‌റ്റോക്ക് 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കായ 2,768.00 രൂപയിലെത്തി. ഓഗസ്റ്റ്2021 ന് കുറിച്ച 1,763.20 രൂപയാണ് 52 ആഴ്ചയിലെ താഴ്ച.
നിലവില്‍ 2447 രൂപ വിലയുള്ള ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കില്‍ നിന്നും11.59 ശതമാനം താഴെയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിന് 38.7 ശതമാനം മുകളിലുമാണുള്ളത്. ജൂണിലവസാനിച്ച പാദത്തില്‍, അറ്റാദായം 13 മടങ്ങ് വര്‍ധിപ്പിച്ച് 793 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിരുന്നു.
മികച്ച രണ്ടാമത്തെ വരുമാനം റിപ്പോര്‍ട്ട് ചെയ്യാനും കമ്പനിയ്ക്ക് സാധിച്ചു. 8649 രൂപയാണ് രേഖപ്പെടുത്തിയ മൊത്തവരുമാനം. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 199 ശതമാനം കൂടുതലാണ് ഇത്.
രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ടൈറ്റന്‍ ഓഹരിയിലാണ്. ജുന്‍ജുന്‍വാലയ്ക്കും പത്‌നി രേഖ ജുന്‍ജുന്‍വാലയ്ക്കും ടൈറ്റനില്‍ 5.05 ശതമാനം ഓഹരികളാണുള്ളത്. അത് മൊത്തം 8738.80 കോടി രൂപയുടേതാണ്.