മുംബൈ: ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൂല്യം ആദ്യമായി അഞ്ച് ലക്ഷം കോടിയെന്ന പുതിയ ഉയരം തൊട്ടു. ഇന്നലെ സെന്‍സെക്‌സ് നഷ്ടത്തിലാണ് വ്യാപാരം നടത്തിയതെങ്കിലും ചില കമ്പനികളുടെ ഓഹരികളില്‍ മികച്ച ബയിംഗ് ഉണ്ടായതാണ് ഓഹരികള്‍ക്ക് നേട്ടമായത്.
അടുത്തിടെയായി വിപണിയില്‍ ദൃശ്യമായ റാലിയുടെ ചുവടുപിടിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം മൂല്യം ഇന്നലെ അഞ്ച് ലക്ഷം കോടി ഡോളര്‍ അഥവാ 414.46 ലക്ഷം കോടി രൂപയായി.
ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ 63,300 കോടി ഡോളറിന്റെ വര്‍ധനയാണ് വിപണി മൂല്യത്തിലുണ്ടായത്. സെന്‍സെക്‌സ് അതിന്റെ എക്കാലത്തെയും ഉയര്‍ച്ചയില്‍ നിന്ന് 1.66 ശതമാനം താഴെയാണെങ്കിലും ബി.എസ്.ഇ മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ പുതിയ റെക്കോഡ് തൊട്ടിട്ടുണ്ട്.
ബി.എസ്.ഇ ലിസ്റ്റഡ് കമ്പനികളുടെ മൂല്യം ഒരു ലക്ഷം കോടി ഡോളറായത് 2007 മേയിലാണ്. അത് രണ്ട് ലക്ഷം കോടി ഡോളറാകാന്‍ 2017 ജൂലൈ വരെ, അതായത് ഒരു ദശാബ്ദത്തോളം കാത്തിരിക്കേണ്ടി വന്നു.
നാല് വര്‍ഷത്തിനിപ്പുറം 2021ല്‍ അത് മൂന്ന് ലക്ഷം കോടി ഡോളറായി. 2023 നവംബറില്‍ ബി.എസ്.ഇയുടെ മൊത്തം വിപണിമൂല്യം 4 ലക്ഷം കോടി ഡോളര്‍ തൊട്ടു. ഇതാണ് ഇപ്പോള്‍ വെറും ആറു മാസം കൊണ്ട് 5 ലക്ഷം കോടി ഡോളര്‍ എന്ന പുതിയ ഉയരം കീഴടക്കിയത്.
2020 മാര്‍ച്ചിലെ കൊവിഡിന്റെ കാലത്ത് 100 ലക്ഷം കോടി രൂപയ്ക്ക് താഴെ പോയിരുന്നു വിപണി മൂല്യം.
നിലവില്‍ യു.എസ്, ചൈന, ജപ്പാന്‍, ഹോങ്കോംഗ് എന്നീ നാല് ഓഹരി വിപണികള്‍ മാത്രമാണ് അഞ്ച് ലക്ഷം കോടി രൂപ വിപണിമൂല്യത്തില്‍ എത്തിയിട്ടുള്ളത്. 55.65 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള യു.എസ് ആണ് ഒന്നാം സ്ഥാനത്ത്.
9.4 ലക്ഷം കോടി ഡോളര്‍ വിപണിമൂല്യവുമായി ചൈന തൊട്ടു പിന്നിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള ജപ്പാന്റെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 6.42 ലക്ഷം കോടി ഡോളറാണ്. ഹോങ്കോംഗിന്റേത് 5.74 ലക്ഷം കോടി ഡോളറും.
ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ വിപണി മൂല്യം 2024ല്‍ ഇതുവരെ 12 ശതമാനത്തോളം വളര്‍ച്ചയാണ് നേടിയത്. യു.എസില്‍ ഇക്കാലയളവില്‍ ഇത് 10 ശതമാനം മാത്രമാണ്. ഹോങ്കോംഗ് പക്ഷെ 16 ശതമാനം വളര്‍ച്ച നേടി.
ചൈനയുടേയും ജപ്പാന്റെയും വിപണിമൂല്യത്തില്‍ വലിയ വളര്‍ച്ചയുണ്ടായില്ല. വിപണി മൂല്യത്തില്‍ ചൈന നേടിയത് 1.4 ശതമാനം വളര്‍ച്ചയും ജപ്പാന്‍ നേടിയത് മൂന്ന് ശതമാനം വളര്‍ച്ചയുമാണ്.