കോട്ടയം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ രാജ്യവ്യാപകമായി 4ജി സേവനം നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിൽ എത്തിച്ച് ബിഎസ്എൻഎൽ.
കോർ നെറ്റ്‌വർക്, എല്ലാ സോണുകളിലേക്കുമുള്ള 4ജി ഉപകരണങ്ങൾ എന്നിവ ടിസിഎസിൽ നിന്നു വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയായി. തദ്ദേശീയമായി 4ജി ഉപകരണങ്ങൾ നിർമിച്ച സ്ഥാപനമാണ് ടിസിഎസ്.
ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി നിർമിച്ച ഉപകരണങ്ങൾ വഴിയാണു 4ജി സേവനം ബിഎസ്എൻഎൽ ആരംഭിക്കുന്നത്.
രാജ്യവ്യാപകമായി ഒരു ലക്ഷം പുതിയ 4ജി ടവറുകൾ സ്ഥാപിക്കുകയാണു ലക്ഷ്യം. നിലവിലുള്ള ടവറുകളിലെ ഉപകരണങ്ങൾ അപ്‌ഗ്രേഡ് ചെയ്തു 4ജിയിലേക്ക് മാറും. ഇതു പൂർത്തിയാകുന്നതോടെ ബിഎസ്എൻഎൽ 3ജി സേവനം അവസാനിക്കും. പിന്നീട് 2ജി, 4ജി നെറ്റ്‌വർക്കുകൾ മാത്രമാകും ഉണ്ടാവുക.
ഈ വർഷം അവസാനത്തിനു മുൻപായി രാജ്യവ്യാപകമായി 4ജി സേവനം ആരംഭിക്കാനാകുമെന്നാണു ബിഎസ്എൻഎല്ലിന്റെ പ്രതീക്ഷ. പൈലറ്റ് പദ്ധതിയായി ചണ്ഡീഗഡിൽ പുതിയ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള 4 ജി സേവനം ആരംഭിച്ചിട്ടുണ്ട്.
അടുത്തതായി കേരള സർക്കിളിൽ നവീകരണം പൂർത്തിയാകും, 6903 ടവറുകൾ 4ജി സേവനം നൽകുന്നതായി മാറും.