കൊച്ചി: ബി.എസ്.എൻ.എൽ സേവനം കേരളത്തിൽ പൂർണമായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരും. മൂന്നു മാസത്തിനകം 4ജി സർവീസ് എല്ലാ ജില്ലകളിലും ആരംഭിക്കാനാണ് നീക്കം. മലപ്പുറം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 450 ടവറുകളിൽ മാത്രമാണ് ഇപ്പോൾ 4ജി സർവീസ്.
സംസ്ഥാനത്തെ ബി.എസ്.എൻ.എല്ലിന്റെ 11,200 ടവറുകളിൽ 550ൽ പുതുതായി 4ജി സംവിധാനങ്ങൾ ഘടിപ്പിച്ചുകഴിഞ്ഞു. 7900 ടവറുകൾ പൂർത്തിയായാലുടൻ സർവീസ് ആരംഭിക്കും. ഇതുവരെ റെഡിയായ ടവറുകളിലെ ടെസ്റ്റിംഗ് വിജയമാണ്. 800 പുതിയവ സ്ഥാപിച്ചു.
പഴയ ടവറുകളിൽ പുതിയ ആന്റിനയും കേബിളുകളും ഘടിപ്പിക്കലാണ് പ്രധാനജോലി. 4ജിയെ 5ജിയാക്കാൻ ടവറുകളിലെയും ഡാറ്റാസെന്ററുകളിലെയും സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ മതിയാകും. കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ നീങ്ങിയാൽ അടുത്ത വർഷം തുടക്കത്തിൽ 5ജി സർവീസും ബി.എസ്.എൻ.എൽ ആരംഭിക്കും.
പൂർണമായും ഇന്ത്യൻ നിർമ്മിതമാണ് ബി.എസ്.എൻ.എൽ 4ജി, 5ജി സംവിധാനം. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് (ടി.സി.എസ്) സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് ടെലിമാറ്റിക്സും സഹകരിച്ചു.
ആന്റിന, റേഡിയോ സംവിധാനങ്ങൾ സ്വകാര്യ കമ്പനിയായ തേജസ് നിർമ്മിച്ചു. സാംസംഗ് (കൊറിയ), നോക്കിയ (ഫിൻലൻഡ്), എറിക്സൺ (സ്വീഡൻ), ഹുവാവേ, ഇസഡ്.ടി.ഇ (ചൈന) എന്നീ കമ്പനികൾക്ക് മാത്രമേ 4ജി, 5ജി ടെക്നോളജിയുള്ളൂ. ബി.എസ്.എൻ.എൽ പരീക്ഷണം വിജയിച്ചാൽ ടി.സി.എസും ഈ ക്ളബ്ബിലെത്തും.
സ്വകാര്യകമ്പനികൾ 4ജി, 5ജി. സർവീസുകൾ നാലുവർഷം മുമ്പ് ആരംഭിച്ചപ്പോൾ ബി.എസ്.എൻ.എൽ കാഴ്ചക്കാരായി നോക്കിനിന്നു. ഇന്ത്യൻ സാങ്കേതികവിദ്യ തന്നെ വേണമെന്ന കേന്ദ്രസർക്കാർ നിലപാടായിരുന്നു കാരണം.
കേരളം കൂടാതെ പഞ്ചാബിലും ഹരിയാനയിലും 4ജി സേവനം തുടങ്ങിയിരുന്നു. പഞ്ചാബിലെ 4500ലേറെ ടവറുകളിൽ 2002 ടവറുകൾ 4ജിയായി.
ഉപഭോക്താക്കളുടെ എണ്ണത്തിൽ കേരളത്തിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ബി.എസ്.എൻ.എൽ. 4ജി വന്നാൽ മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷ.