ഇന്ത്യൻ വിവാഹ വിപണി കുതിക്കുന്നു; ഉത്സവകാലത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങൾ, വിപണിയിലെത്തുക 4.25 ലക്ഷം കോടിമേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗംപി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നുവിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽഇന്ത്യ മാലദ്വീപിന് വായ്പ പുതുക്കി നല്‍കി

രാജ്യവ്യാപകമായി വരിക്കാരെ നഷ്ടപ്പെട്ട് ജിയോയും എയർടെല്ലും; ബിഎസ്എൻഎല്ലിന് വൻ നേട്ടം

മുംബൈ: മൊബൈൽ നെറ്റ്‍വർക്ക്(Mobile Network) സേവന രംഗത്ത് 5ജി സർവീസ്(5G Service) ഉൾപ്പെടെ നൽകി മുന്നിട്ട് നിൽക്കുന്ന സ്വകാര്യ ടെലികോം കമ്പനികളെ(Private Telecom Companies) അമ്പരിപ്പിച്ച് പൊതുമേഖലാ കമ്പനിയായ ബിഎസ്എൻഎല്ലിന്റെ(BSNL) മുന്നേറ്റം.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്/TRAI) പുറത്തുവിട്ട കണക്കുപ്രകാരം ജൂലൈയിൽ ദേശീയതലത്തിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വർധന കുറിച്ച ഏക കമ്പനി ബിഎസ്എൻഎൽ ആണ്.

കേരളത്തിലും സ്വകാര്യ കമ്പനികൾ ക്ഷീണം നേരിട്ടപ്പോൾ നേട്ടം കുറിച്ചത് ബിഎസ്എൻഎൽ മാത്രം. സ്വകാര്യ ടെലികോം കമ്പനികൾ റീചാർജ് നിരക്ക് 22-25% കൂട്ടിയ പശ്ചാത്തലത്തിലായിരുന്നു ജൂലൈയിൽ ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ പേർ കൂടുമാറിയെത്തിയത്.

ബിഎസ്എൻഎൽ നിരക്ക് കൂട്ടിയിരുന്നില്ല.ദേശീയതലത്തിൽ ജൂലൈയിൽ 29.47 ലക്ഷം പേരാണ് പുതുതായി ബിഎസ്എൻഎല്ലിലേക്ക് എത്തിയത്. മറ്റൊരു പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎൻഎല്ലിന് 3,009 ഉപയോക്താക്കളെ നഷ്ടമായി.

ഏറ്റവുമധികം നഷ്ടം നേരിട്ടത് ഭാരതി എയർടെൽ ആണ്. 16.94 ലക്ഷം പേരാണ് കമ്പനിയിൽ നിന്ന് ഒഴിവായതെന്ന് ട്രായ് ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗികമായി ഇനിയും 5ജി സേവനം അവതരിപ്പിച്ചിട്ടില്ലാത്ത വോഡഫോൺ ഐഡിയയിൽ (വീ) നിന്ന് 14.13 ലക്ഷം പേർ വിട്ടൊഴിഞ്ഞു.

മുൻമാസങ്ങളിൽ ഏറ്റവുമധികം വരിക്കാരെ സ്വന്തമാക്കിയ റിലയൻസ് ജിയോയ്ക്ക് ജൂലൈയിൽ 7.58 ലക്ഷം പേരെ നഷ്ടമായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, ഇപ്പോഴും 47 കോടിയിലധികം ഉപയോക്താക്കളും 40.68% വിപണിവിഹിതവുമായി ജിയോ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി. 38 കോടിയിലധികം ഉപയോക്താക്കളും 33.12% വിഹിതവുമായി ഭാരതി എയർടെൽ രണ്ടാമതുമാണ്.

വോഡഫോൺ ഐഡിയക്ക് 18.46 ശതമാനവും ബിഎസ്എൻഎല്ലിന് 7.59 ശതമാനവുമാണ് വിഹിതം. വീയ്ക്ക് 21.7 കോടിയും ബിഎസ്എൻഎല്ലിന് 8.5 കോടിയും വരിക്കാരുണ്ടെന്നും ട്രായ് പറയുന്നു.

ജൂലൈയിൽ മൊബൈൽ നമ്പർ പോർട്ട് (എംഎൻപി) ചെയ്ത് മറ്റ് കമ്പനികളിലേക്ക് കൂടുമാറാൻ അപേക്ഷിച്ചത് 1.36 കോടിപ്പേരാണ്. 2010ലാണ് രാജ്യത്ത് എംഎൻപി സൗകര്യം കൊണ്ടുവന്നത്. തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ വരെ കേരളത്തിൽ ഈ സൗകര്യം ഉപയോഗിച്ചത് 2.43 കോടി ഉപയോക്താക്കളാണ്.

സംസ്ഥാനത്ത് ജൂലൈയിൽ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ജൂണിനെ അപേക്ഷിച്ച് 1.44 ലക്ഷം പേരുടെ കുറവുണ്ടായി. വരിക്കാരുടെ എണ്ണത്തിൽ വർധന കുറിച്ച ഏക കമ്പനി ബിഎസ്എൻഎൽ ആണ്.

പുതുതായി 18,891 പേരെ ബിഎസ്എൻഎൽ നേടി. വോഡഫോൺ ഐഡിയയ്ക്ക് 91,757 പേരെയും ജിയോയ്ക്ക് 44,514 പേരെയും എയർടെല്ലിന് 27,015 പേരെയും നഷ്ടമായി.

സംസ്ഥാനത്ത് 4ജി സേവനം അതിവേഗം വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ബിഎസ്എൻഎല്ലിന് ആശ്വാസമേകുന്നതാണ് ഈ കണക്കുകൾ. അതേസമയം, ഇപ്പോഴും കേരളത്തിലെ ഏറ്റവും വലിയ കമ്പനി ഉപയോക്താക്കളുടെ എണ്ണപ്രകാരം വോഡഫോൺ ഐഡിയയാണ്.

1.33 കോടിപ്പേരാണ് സംസ്ഥാനത്ത് വീ സിം ഉപയോഗിക്കുന്നത്. ജൂണിൽ ഇത് 1.34 കോടിയായിരുന്നു.

1.11 കോടി ഉപയോക്താക്കളുമായി ജിയോ രണ്ടാമതും 87.79 ലക്ഷം പേരുമായി എയർടെൽ മൂന്നാമതുമാണ്. 86.05 ലക്ഷം പേരാണ് കേരളത്തിൽ ബിഎസ്എൻഎൽ സിം ഉപയോക്താക്കൾ. സംസ്ഥാനത്തെ മൊത്തം മൊബൈൽ ഉപയോക്താക്കളുടെ എണ്ണം ജൂലൈയിൽ ജൂണിലെ 4.20 കോടിയിൽ നിന്ന് 4.18 കോടിയായി കുറഞ്ഞു.

രാജ്യത്ത് മൊത്തം (വയർലെസ് ആൻഡ് വയേഡ്) ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം ജൂലൈയിൽ 94.61 കോടിയായി ഉയർന്നു. ജൂണിലെ 94.07 കോടിപ്പേരെ അപേക്ഷിച്ച് 0.58 ശതമാനമാണ് വർധന.

48.86 കോടി ഉപയോക്താക്കളുമായി റിലയൻസ് ജിയോ ഇൻഫോകോമാണ് ഒന്നാംസ്ഥാനത്ത്. 28.40 കോടിപ്പേരുമായി എയർടെൽ രണ്ടാമതുണ്ട്. വോഡഫോൺ ഐഡിയയ്ക്ക് 12.67 കോടിയും ബിഎസ്എൻഎല്ലിന് 2.96 കോടിയുമാണ് ഉപയോക്താക്കൾ.

X
Top