ഡൽഹി: 4ജി സേവനങ്ങളിലേക്കുള്ള ബിഎസ്എൻഎല്ലിന്റെ പരിവർത്തനം അതിവേഗത്തിലായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 50000 ടവറുകള്‍ സ്ഥാപിച്ചതായി കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.
ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിലുള്ള നാഴികക്കല്ലാകുന്ന നേട്ടമാണിതെന്ന് കേന്ദ്രസർക്കാർ പറയുന്നു. ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ്, തേജസ് നെറ്റ് വർക്ക്സ്, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്), ഐടിഐ ലിമിറ്റഡ് എന്നിവരുമായി സഹകരിച്ചാണ് ബിഎസ്എൻഎല്‍ ഈ നേട്ടം കൈവരിച്ചത്.
രാജ്യത്തിന്റെ കണക്ടിവിറ്റി ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ത്യയുടെ സ്വദേശീയ സാങ്കേതികവിദ്യയുടെ ശക്തി ഇതുവഴി വ്യക്തമാകുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
പൂർണമായും ഇന്ത്യൻ കമ്പനികള്‍ വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യകളാണ് ബിഎസ്എൻഎല്‍ ഉപയോഗിക്കുന്നത്. ഒക്ടോബർ 29 ഓടെ 50000 ടവറുകള്‍ സ്ഥാപിച്ചതായി മന്ത്രാലയം വ്യക്തമാക്കുന്നു. ഇതില്‍ 410000 ല്‍ ഏറെ ടവറുകള്‍ പ്രവർത്തനക്ഷമമാണ്.
പദ്ധതിയുടെ IX.2 ഘട്ടത്തിന് കീഴില്‍ ഏകദേശം 36,747 സൈറ്റുകളും ഡിജിറ്റല്‍ ഭാരത് നിധി ഫണ്ട് വഴി ധനസഹായം നല്കുന്ന 4ജി സാച്ചുറേഷൻ പ്രോജക്റ്റിന് കീഴില്‍ 5,000 സൈറ്റുകളും സ്ഥാപിച്ചു. ഒരു ലക്ഷത്തിലധികം 4ജി സൈറ്റുകള്‍ വിന്യസിക്കാനാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം.
2024 ജൂലായ് വരെ 15000 സൈറ്റുകളാണ് ബിഎസ്എൻഎല്‍ സ്ഥാപിച്ചത്. പിന്നീടുള്ള മൂന്ന് മാസക്കാലം കൊണ്ടാണ് 25000 പുതിയ 4ജി സൈറ്റുകള്‍ സ്ഥാപിച്ചത്.
ടാറ്റ കണ്‍സല്‍ട്ടൻസി സർവീസസിന്റെ നേതൃത്വത്തിലുള്ള കണ്‍സോർഷ്യവുമായുള്ള 24500 കോടി രൂപയുടെ കരാറിന് കീഴിലാണ് 4ജി സൈറ്റുകളുടെ വിന്യാസം പുരോഗമിക്കുന്നത്. 4ജി ഉപകരണങ്ങളും മറ്റ് ഭാഗങ്ങളും ഈ കണ്‍സോർഷ്യം നല്‍കും.
10 വർഷത്തെ അറ്റകുറ്റപ്പണിയും കരാറിന്റെ ഭാഗമാണ്.