
പത്തനംതിട്ട: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ ബിഎസ്‌എൻഎല്‍ മൊബൈല്‍ സേവനം ഒന്നാകെ താളംതെറ്റിയത് തിരുച്ചിറപ്പിള്ളിയിലെ കോർ നെറ്റ്വർക്കിലെ പ്രശ്നം കാരണം.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയുണ്ടായ തകരാർ രാത്രി വൈകിയാണ് ഏറെക്കുറെയെങ്കിലും പരിഹരിക്കാനായത്. ബുധനാഴ്ച പൂർണമായും പരിഹരിച്ചെങ്കിലും ചില സ്ഥലങ്ങളില്‍ പ്രശ്നം ഉണ്ടായിരുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് മൊബൈല്‍ സേവനം ഒന്നാകെ തടസ്സപ്പെട്ടത്. തദ്ദേശീയമായി വികസിപ്പിച്ച 4-ജി സാങ്കേതിക വിദ്യയുടെ സ്ഥാപിക്കല്‍ ബിഎസ്‌എൻഎല്ലില്‍ അന്തിമഘട്ടത്തിലാണ്.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനപ്പെട്ട കോർ നെറ്റ്വർക്ക് സംവിധാനം തിരുച്ചിറപ്പള്ളിയിലാണുള്ളത്. ഇതിലെ റൗട്ടർ സംവിധാനത്തിലാണ് തകരാറുണ്ടായതെന്നാണ് വിവരം.
ഇൻർനെറ്റും വോയ്സ് കോളുകളുമാണ് തടസ്സപ്പെട്ടത്. ചിലർക്ക് കോളുകള്‍ കിട്ടിയിരുന്നെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍ മുറിഞ്ഞുപോകുന്ന സ്ഥിതിയും വ്യാപകമായുണ്ടായി.
ഇന്റർനെറ്റ് കിട്ടാത്തതിനാല്‍ ബിഎസ്‌എൻഎല്ലിനെ ആശ്രയിക്കുന്ന നിരവധിപേർക്ക് സർക്കാർ, ബാങ്ക് സംബന്ധിച്ച ആവശ്യങ്ങള്‍ക്കുള്ള ഓണ്‍ലൈൻ സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.
ഒടിപി ഉപയോഗിച്ച് നിർവഹിക്കേണ്ട കാര്യങ്ങള്‍ മുടങ്ങി.
ഗൂഗിള്‍പേ അടക്കമുള്ള യുപിഐ സംവിധാനം പ്രവർത്തിക്കാത്തതും പ്രതിസന്ധിയായി. ബിഎസ്‌എൻഎല്‍ വരിക്കാരായവർക്ക് ഗൂഗിള്‍ മീറ്റുകളില്‍ കയറാൻ കഴിയാത്ത സ്ഥിതിയുമുണ്ടായി.
ബുധനാഴ്ച വൈകീട്ടോടെ പൂർണമായും നെറ്റ്വർക്ക് തടസ്സരഹിതമാക്കിയെന്ന് ബിഎസ്‌എൻഎല്‍ കേരള സർക്കിള്‍ അറിയിച്ചു.