
പത്തനംതിട്ട: ബി.എസ്.എൻ.എലിൽ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നത് മൂന്നുമാസത്തിൽ ഒരിക്കൽ എന്നത് മാറ്റും. പ്രതിവാര വിലയിരുത്തലാണ് ഉദ്ദേശിക്കുന്നത്.
കമ്പനിയുടെ മുഖച്ഛായമാറ്റുന്നത് പഠിച്ച് റിപ്പോർട്ട് നൽകാൻ അന്താരാഷ്ട്ര കൺസൾട്ടിങ് ഏജൻസിയെ ചുമതലപ്പെടുത്തിയതിൽ നൽകിയ നിർദേശങ്ങളിലാണ് ഇതുള്ളത്. പഠനറിപ്പോർട്ട് 10 മാസത്തിനകം നൽകണം. റിപ്പോർട്ട് അംഗീകരിച്ചാൽ നടപ്പാക്കുന്നതിനുള്ള സഹായവും കൺസൾട്ടൻസി കമ്പനിയായ ബി.സി.ജി. ഗ്രൂപ്പിനെ ഏൽപ്പിച്ചിട്ടുണ്ട്.
ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യണമെന്ന് കൺസൾട്ടിങ് ഏജൻസി നിർദേശിക്കണം.
കമ്പനി നിശ്ചയിക്കുന്ന ടാർജറ്റ് കൈവരിക്കാനാകുന്നുണ്ടോ എന്ന വിലയിരുത്തലാണ് പ്രധാനമായും ഉണ്ടാകുക. മൊബൈൽ ആപ്പും ഇതിനായി ഉപയോഗിക്കാം. 132 കോടി രൂപ ചെലവിലാണ് പഠനം.
സേവനഗുണനിലവാരം മെച്ചപ്പെടുത്തൽ, ഉപഭോക്തൃകേന്ദ്രീകൃത പ്രവർത്തനം, വിപണന-വിൽപ്പന മേഖല മെച്ചപ്പെടുത്തൽ, മാർക്കറ്റിങ്ങിലെ പിന്നാക്കാവസ്ഥ മാറ്റൽ, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കൽ, ചെലവുകുറയ്ക്കൽ, ബ്രാൻഡ് ശക്തിപ്പെടുത്തൽ എന്നിങ്ങനെ ഏഴ് കാര്യങ്ങൾ പഠിക്കാനാണ് ഏജൻസിയോട് നിർദേശിച്ചിരിക്കുന്നത്.
അഞ്ചുവർഷം ബി.എസ്.എൻ.എൽ. പ്രതീക്ഷിക്കുന്ന ചെലവ് കൺസൾട്ടൻസിക്ക് സമർപ്പിച്ചിട്ടുണ്ട്. ഓരോവർഷവും ഇത് അഞ്ച് ശതമാനം വീതം കുറച്ചുകൊണ്ടുവരണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 9550 കോടിയായിരുന്നു പ്രവർത്തനച്ചെലവ്.
വരുംവർഷങ്ങളിൽ പ്രതീക്ഷിക്കുന്ന ചെലവ് ഇങ്ങനെ:- 2024-25-ൽ 10,323 കോടി, 2025-26-ൽ 11,597 കോടി, 2026-27-ൽ 12,380 കോടി, 2027-28-ൽ 12,838 കോടി.
വരുമാനം കൂട്ടാനുള്ള നിർദേശങ്ങളും സമർപ്പിക്കണം. കഴിഞ്ഞവർഷം ബി.എസ്.എൻ.എലിന്റെ വരുമാനം 20,008 കോടി രൂപയായിരുന്നു. 2027-28 സാമ്പത്തികവർഷം ഇത് 35,960 കോടിയിലെത്തിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. അപ്പോഴേക്കും 12,110 കോടി രൂപ ലാഭത്തിലുമെത്തിക്കണം.
സേവനകാര്യത്തിൽ ടെലികോം രംഗത്തെ മറ്റു കമ്പനികളേക്കാൾ പിന്നിലാണ് ബി.എസ്.എൻ.എൽ. എന്ന് കൺസൾട്ടൻസിക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്.
നെറ്റ്‌വർക്ക് ലഭ്യത, കോൾ മുറിഞ്ഞുപോകൽ, നാലുമണിക്കൂറിനുള്ളിൽ ഫൈബർ കണക്ഷനുകളിലെ തകരാർ പരിഹരിക്കാതിരിക്കൽ, പ്രതിമാസം 100-ൽ കൂടുതൽ തകരാറുകൾ ഫൈബർ കണക്ഷനുകളിൽ വരുന്നത് എന്നിവയാണ് പിന്നോട്ടടിക്കലിന്റെ പ്രധാന കാരണങ്ങൾ. ഇവ പരിഹരിക്കാനുള്ള നിർദേശങ്ങളും പഠന റിപ്പോർട്ടിലുണ്ടാണം.