പത്തനംതിട്ട: ബി.എസ്.എൻ.എലിന്റെ അതിവേഗ ഇന്റർനെറ്റ് ഫൈബർ കണക്ഷനിൽ ഒ.ടി.ടി. വേണ്ടാത്തവർക്ക് ഇന്റർനെറ്റ് സ്പീഡ് കൂട്ടിക്കൊടുക്കും. ഇങ്ങനെ ഒ.ടി.ടി. ഒഴിവാക്കിയുള്ള പ്ലാനുകൾ നിലവിൽ വന്നു.
ഇതുവരെ ഒരു ടെലികോം കമ്പനിയും ചെയ്തിട്ടില്ലാത്ത സേവനമാണ് എഫ്.ടി.ടി.എച്ച്. ഉപഭോക്താക്കൾക്ക് ബി.എസ്.എൻ.എൽ. നൽകിയത്. ജൂലായ് ആറുമുതൽ നിലവിൽവന്ന സംവിധാനത്തിലേക്ക് ഒ.ടി.ടി. ആവശ്യമില്ലാത്തവർ മാറിത്തുടങ്ങി.
ബി.എസ്.എൻ.എലിന്റെ വിവിധ സർക്കിളുകളിൽനിന്ന് സാങ്കേതിക വിഭാഗത്തിലേയും മാർക്കറ്റിങ് വിഭാഗത്തിലേയും ഉദ്യോഗസ്ഥർ ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യമാണ് നടപ്പാക്കിയിരിക്കുന്നത്.
പ്രതിമാസം 599, 699, 799 രൂപ നിരക്കുകളിലുള്ള പ്ലാനുകളിലാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്.
ഉദാഹരണത്തിന് 599 രൂപയുടെ പ്ലാൻ എടുക്കുന്നയാളിന് മുമ്പ് ആവശ്യമില്ലെങ്കിലും ഒ.ടി.ടി. ഉൾപ്പെടുത്തിയിരുന്നു. 75 എം.ബി.പി.എസ്. സ്പീഡായിരുന്നു കൊടുത്തിരുന്നത്.
എന്നാൽ പുതിയ സംവിധാനത്തിൽ 599 രൂപയുടെ ഒ.ടി.ടി. ഇല്ലാത്ത മറ്റൊരു പ്ലാൻ തന്നെ അവതരിപ്പിക്കുകയാണ്. ഇതിൽ 75-ന് പകരം 100 എം.ബി.പി.എസ്. സ്പീഡാണ് നൽകുന്നത്. പരമാവധി പ്രതിമാസം ഉപയോഗിക്കാവുന്ന ഡേറ്റ 4000 ജി.ബി. ആയിത്തന്നെ രണ്ടിലും നിലനിർത്തിയിട്ടുണ്ട്.
മൊബൈൽ കമ്പനികൾ പ്ലാനുകൾക്കൊപ്പം വോയ്സ് കോൾ. എസ്.എം.എസ്., ഡേറ്റ എന്നിവ ഉൾപ്പെടുത്തുന്നത് ടെലികോം റെഗുലേറ്ററി അതോറിട്ടി പുനരാലോചിക്കുന്ന ഘട്ടത്തിലാണ് വേണ്ടാത്തത് ഒഴിവാക്കുന്ന കാര്യത്തിൽ ഉപഭോക്താക്കളെ സഹായിക്കുന്ന നടപടി ബി.എസ്.എൻ.എലിൽനിന്ന് ഉണ്ടായത്.
ഒ.ടി.ടി. ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കി കൊടുക്കുന്നതിലൂടെ ഇന്റർനെറ്റ് ട്രാഫിക്ക് കുറയ്ക്കാനും കഴിയും. ആവശ്യമില്ലാതെ ഒ.ടി.ടി. കമ്പനിക്ക് പണം കൊടുക്കുന്നതിൽ നിന്ന് ബി.എസ്.എൻ.എലിന് ഒഴിവാകുകയും ചെയ്യാം.