
ന്യൂഡൽഹി: ഇന്ത്യൻ മൊബൈൽ ഫോൺ നിർമാതാക്കളായ കാർബണുമായി സഹകരിച്ച് പുതിയ 4G മൊബൈൽ ഫോൺ പുറത്തിറക്കാൻ പദ്ധതിയുമായി ബിഎസ്എൻഎൽ. നിലവിൽ രാജ്യത്തുട നീളം 4G സേവനങ്ങൾ വ്യാപിപ്പിക്കാനും, വൈകാതെ 5G അവതരിപ്പിക്കാനും ലക്ഷ്യമിടുന്ന കമ്പനി വിപണിയിൽ ഒന്നാമതുള്ള റിലയൻസ് ജിയോയുമായി നേരിട്ടുള്ള മത്സരത്തിനാണ് ഒരുങ്ങുന്നത്. നിലവിൽ ജിയോ 4G ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ഇവയേക്കാൾ വിലക്കുറവിലായിരിക്കും ബിഎസ്എൻഎൽ-കാർബൺ ഫോൺ ലഭ്യമാക്കുക. ബിഎസ്എൻഎൽ സിം കാർഡുമായി എത്തുന്ന പുതിയ ഫോണിൽ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റിയുമുണ്ടാകും.
രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവ തങ്ങളുടെ താരിഫ് നിരക്കുകളിൽ വർധന വരുത്തിയത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. ഇതോടെ ഒരു വിഭാഗം ഉപയോക്താക്കൾ താരതമ്യേന കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭിക്കുന്ന ബിഎസ്എൻഎല്ലിലേക്ക് മാറിയതായും കണക്കുകൾ സൂചചിപ്പിക്കുന്നു. നിലവിൽ രാജ്യത്തുട നീളം 4G സേവനങ്ങൾ വ്യാപിപ്പിക്കാനും, വൈകാതെ 5G അവതരിപ്പിക്കാനുമാണ് ബിഎസ്എൻഎൽ ഒരുങ്ങുന്നത്. അതിനായി ടാറ്റ ഗ്രൂപ്പുമായുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
പുതിയ 4ജി മൊബൈൽ പദ്ധതിയുമായി ബന്ധപ്പെട്ട് കാർബൺ മൊബൈലുമായി കമ്പനി കരാറിൽ ഏർപ്പെട്ടു. ഇതിലൂടെ രാജ്യത്തിന്റെ മുക്കിലും, മൂലയിലും വരെ താങ്ങാനാവുന്ന നിരക്കിൽ 4G കണക്ടിവിറ്റി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. ഭാരത് 4G കംപാനിയൻ പോളിസി പ്രകാരം 4G സിം ഉൾപ്പെടുന്ന ഒരു എക്സ്ക്ലുസീവ് ഹാൻഡ്സെറ്റാണ് പുറത്തിറക്കുകയെന്ന് ബിഎസ്എൻഎൽ അറിയിച്ചു.