മുംബൈ: ബിഎസ്എന്‍എല്‍ മൊബൈല്‍ നെറ്റ് വര്‍ക്കിലെ തകരാറുകള്‍ അടുത്ത മാസത്തോടെ പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍.
ഉപഭോക്താക്കള്‍ക്ക് കോളുകളിലടക്കം നിരന്തരം തടസങ്ങള്‍ നേരിടുന്നതായുള്ള പരാതികള്‍ വര്‍ധിച്ചതോടെയാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്. സ്വകാര്യ ടെലികോം കമ്പനികള്‍ അടുത്തിടെ റീച്ചാര്‍ജ് നിരക്ക് കൂട്ടിയതോടെ ആളുകള്‍ കൂട്ടത്തോടെ ബിഎസ്എന്‍എല്ലിലേക്ക് എത്താന്‍ തുടങ്ങിയിരുന്നു.
എന്നാല്‍ നെറ്റ് വര്‍ക്ക് സംബന്ധമായ പ്രശ്നങ്ങള്‍ തുടരുന്നത് വല്ലുവിളി സൃഷ്ടിച്ചു. പുതിയതായി വന്ന ഉപയോക്താക്കളെ അടക്കം നിരാശപ്പെടുത്താനും മറ്റ് സ്വകാര്യ കമ്പനികളുടെ കണക്ഷനിലേക്ക് തിരിച്ചുപോകാന്‍ അവരെ പ്രേരിപ്പിക്കാനും ഈ തകരാറുകള്‍ സാഹചര്യമൊരുക്കി.
കോള്‍ ഡ്രോപ്പുകള്‍, കോള്‍ മ്യൂട്ട് പ്രശ്‌നങ്ങള്‍, മറ്റ് കോളിംഗ് പ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു അധികവും. ട്രായിയുടെ പ്രതിമാസ കണക്കുകള്‍ പ്രകാരം 2024 ജൂലൈയ്ക്ക് ശേഷം ബിഎസ്എന്‍എല്ലിലേക്കുള്ള ഒഴുക്ക് കുറയാന്‍ കാരണം ഈ സാങ്കേതിക പ്രശ്നമാണെന്നാണ് വിലയിരുത്തല്‍.
ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബിഎസ്എന്‍എല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഫ്രെബ്രുവരിയോടെ ഇത്തരം തകരാറുകള്‍ പഴങ്കഥയാകും. നിലവില്‍ 4ജി വ്യാപിപ്പിക്കുന്ന തിരക്കിലാണെന്നും 2025 മാര്‍ച്ചോടെ 100,000 4ജി ടവറുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
4ജി വ്യാപനം പൂര്‍ത്തിയാകുന്നതിന് പിന്നാലെ 5ജി സേവനങ്ങള്‍ ആരംഭിക്കാനുള്ള തയാറെടുപ്പുകളും ബിഎസ്എന്‍എല്‍ നടത്തുന്നുണ്ട്.