ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. ബജറ്റ് അവതരണത്തിന്റെ ആഴ്ചയിൽ വിപണി ആരംഭിച്ചത് നേട്ടത്തോടെയാണ്.
നേട്ടത്തിന്റെ കാരണങ്ങളിലൊന്ന് ഹെവിവെയ്റ്റ് ഓഹരിയായ എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രകടനമാണ്.
കഴിഞ്ഞ ആഴ്ച പുറത്ത് വന്ന വാർത്ത പ്രകാരം എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ അധിക നിക്ഷേപം നടത്താൻ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന് ആർബിഐ അനുമതി നൽകി എന്നതാണ്. ഇതിന്റെ പിൻബലത്തിൽ 1.25 ശതമാനം നേട്ടത്തിലാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ.
അതേസമയം എൽഐസി എച്ച്‌ഡിഎഫ്‌സി ബാങ്കിൽ അധിക ഓഹരികൾ വാങ്ങാൻ തിടുക്കം കാട്ടിയേക്കില്ലെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
എൽഐസിക്ക് ഓഹരികൾ വാങ്ങാം
എൽഐസിക്ക് എച്ച്ഡിഎഫ്സി ബാങ്കിൽ അധിക ഓഹരികൾ വാങ്ങാനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയത്. 4.8 ശതമാനം അധിക ഓഹരികൾ വാങ്ങാനാണ് എൽഐസിക്ക് അനുമതി നൽകിയത്.
ആർബിഐ അനുമതിയെ തുടർന്ന് എൽഐസി പരമവധി നിക്ഷേപം നടത്താൻ തയ്യാറായാൽ വ്യാഴാഴ്ചയിലെ ക്ലോസിംഗ് വില പ്രകാരം ഏകദേശം 52,000 കോടി രൂപ ചെലവാക്കേണ്ടി വരും. ഒരു വർഷത്തിനുള്ളിൽ ബാങ്കിൽ നിക്ഷേപം വർധിപ്പിക്കാൻ എൽഐസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2025 ജനുവരി 24-നകം ഓഹരി പരമാവധി 9.99 ശതമാനം ആയി ഉയർത്താം. നിലവിൽ 2023 ഡിസംബർ പാദത്തിലെ കണക്ക് പ്രാകാരം എച്ച്‌ഡിഎഫ്‌സി ബാങ്കിൽ എൽഐസിക്ക് 5.19 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
എന്നാൽ മൊത്തത്തിലുള്ള ഹോൾഡിംഗ് പെയ്ഡ്-അപ്പ് ഷെയർ ക്യാപിറ്റലിൻ്റെയോ ബാങ്കിൻ്റെ വോട്ടിംഗ് അവകാശത്തിൻ്റെയോ 9.99 ശതമാനത്തിൽ ഓഹരി വിഹിതം കവിയുന്നില്ലെന്ന് ഉറപ്പാക്കണം.
എന്തുകൊണ്ട് എൽഐസി കാത്തിരിക്കും
എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരി 10 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് ട്രേഡ് ചെയ്യുന്നത്. ബുക്ക് വാല്യൂ ഏകദേശം 2.1 മടങ്ങിലാണ്. എൽഐസി ഉൾപ്പെടെയുള്ള നിക്ഷേപകർ ഈ അവസരത്തിൽ വാങ്ങുന്നതിൽ ജാഗ്രത പുലർത്തുമെന്ന് സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള ഇക്കണോമിക്സ് ടൈസ് റിപ്പോർട്ടിലുണ്ട്.
അധിക ഓഹരികൾ ഏറ്റെടുക്കുന്നതിന് വലിയ തുക ആവശ്യമായി വരുമെന്നതിനാൽ ഓഹരികൾ എൽഐസി ഉടനടി ഉയർത്തില്ലെന്ന് മക്വാറി ക്യാപിറ്റലിലെ ഫിനാൻഷ്യൽ സർവീസ് റിസർച്ച് മേധാവി സുരേഷ് ഗണപതിയും വ്യക്തമാക്കി.
എൽഐസിക്ക് ഓഹരി ഏറ്റെടുക്കുന്നതിനുള്ള അംഗീകാരം മാത്രമാണ് ലഭിച്ചത്. അതേസമയം ഓഹരി 9.9 ശതമാനം വരെ ഉയരണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തികം
മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് ഓഹരി ഇടിവിലേക്ക് വീണത്. പാദഫലത്തിൽ കമ്പനിയുടെ അറ്റ പലിശ മാർജിൻ 3.65 ശതമാനത്തിൽ നിന്ന് 3.4 ശതമാനമായി ആയി കുറഞ്ഞിരുന്നു.
2023 ജൂലായിൽ ബാങ്ക് എച്ച്‌ഡിഎഫ്‌സിയുമായി ലയിച്ചതാണ് മാർജിൻ കുറയുന്നതിന് കാരണം. ഉയർന്ന വായ്പയും കുറഞ്ഞ വരുമാനമുള്ള ലോൺ ബുക്കുമാണ് മാർജിനുകളെ ബാധിച്ചത്.
അതേസമയം അറ്റാദായത്തിൽ 2.65 ശതമാനത്തിന്റെ വർധനവാണ് ബാങ്ക് രേഖപ്പെടുത്തിയത്. സെപ്തംബർ പാദത്തിലെ 16,811 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 17,258 കോടി രൂപയാണ് ഡിസംബർ പാദത്തിലെ അറ്റാദായം.
എൽഐസി പോർട്ട്ഫോളിയോ
ഇന്ത്യൻ വിപണി മൂല്യത്തിന്റെ 4 ശതമാനവും എൽഐസിയുടെ ഉടമസ്ഥതയിലാണ്. 47.5 ലക്ഷം കോടി രൂപയാണ് എൽഐസി ആസ്തി മൂല്യം. ഇതിൽ 11-12 ലക്ഷം കോടി രൂപ ഇക്വിറ്റി നിക്ഷേപങ്ങളാണ്. 260 ലിസ്‌റ്റഡ് കമ്പനികളിലുടനീളം എൽഐസിക്ക് നിക്ഷേപമുണ്ട്.
2022 ഡിസംബറിൽ 9.61 ലക്ഷം കോടി രൂപയായിരുന്ന വിപണി മൂല്യം 2023 ഡിസംബറിൽ 11.89 ലക്ഷം കോടിയായി ഉയർന്നു.
കോൾ ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, എൻടിപിസി എന്നിവയാണ് എൽഐസി പോർട്ട്ഫോളിയിൽ കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ ഓഹരികൾ.