
ന്യൂഡൽഹി: ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷിയില്‍ കാര്യമായ ഇടിവുണ്ടായ സാഹചര്യത്തില്‍ ഉപഭോഗം വർധിപ്പിക്കുന്നതിന് നികുതി ഇളവ് ഉള്‍പ്പടെയുള്ളവ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തു പകരുന്ന നടപടികള്‍ക്കാകും പ്രാധാന്യം നല്‍കുക. ഇടത്തരക്കാർക്കുള്ള നികുതി ഇളവ്, വിവിധ താരിഫുകള്‍ കുറയ്ക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികള്‍ എന്നിവ സർക്കാരിന്റെ പരിഗണനയിലുണ്ട്.
ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നു. ബജറ്റിന്റെ രുപരേഖകള്‍ യോഗത്തില്‍ ചർച്ചചെയ്തതായാണ് റിപ്പോർട്ടുകള്‍. പുതിയ നികുതി വ്യവസ്ഥയില്‍ കൂടുതല്‍ ഇളവുകള്‍, കോർപറേറ്റ് നികുതി കൂടുതല്‍ ലളിതമാക്കല്‍, ടിഡിഎസ് കുറയ്ക്കല്‍ എന്നിവ ചർച്ചചെയ്തതായാണ് സൂചന.
നഗരങ്ങളിലെ ഉപഭോഗം കുറയുന്ന സാഹചര്യത്തില്‍ പുതിയ വ്യവസ്ഥയിലെ നികുതി സ്ലാബുകള്‍ ഉയർത്തിയേക്കും. നികുതിഭാരം കുറയുന്നത് നഗരങ്ങളില്‍ ഉപഭോഗത്തില്‍ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 15 ലക്ഷം രൂപയ്ക്ക് മുകളില്‍ വാർഷിക വരുമാനമുള്ളവർക്ക് 30 ശതമാനമാണ് നികുതി ബാധ്യത.
നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ വളർച്ചാ നിരക്ക് നാല് വർഷത്തെ താഴ്ന്ന നിലയായ 6.4 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് അനുമാനം. ഡിമാന്റ് വർധനവിനൊപ്പം കൂടുതല്‍ നിക്ഷേപം ആകർഷിക്കാനുള്ള നടപടികളും അതുകൊണ്ടുതന്നെ ബജറ്റില്‍ ഉണ്ടാകും.
തിരഞ്ഞെടുപ്പായിരുന്നതിനാല്‍ നടപ്പ് സാമ്പത്തിക വർഷം സർക്കാർ ചെലവഴിക്കലില്‍ കാര്യമായ കുറവുണ്ടായിരുന്നു. ഇത്തവണത്തെ ബജറ്റില്‍ അതിന് ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് 2025-26 സാമ്ബത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുക.