തിരുവനന്തപുരം: അടുത്ത സംസ്ഥാന ബജറ്റിൽ വകുപ്പുകൾക്ക് അധിക വിഹിതമുണ്ടാകില്ല. തദ്ദേശ വകുപ്പിന് അര ശതമാനം അധിക വിഹിതം അനുവദിക്കാൻ ആസൂത്രണ ബോർഡ് നിർദേശിച്ചിരുന്നു. അതൊഴികെ മറ്റ് വകുപ്പുകൾക്കെല്ലാം സമാനമായിരിക്കും വിഹിതം. ബജറ്റിലെ വകുപ്പുകളുടെ വിഹിതം സംബന്ധിച്ച് വിശദമായ ചർച്ച ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലുണ്ടായി.
കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന പദ്ധതി അടങ്കൽ അടുത്ത കൊല്ലവും 30,370 കോടി രൂപ തന്നെയായിരിക്കും. കഴിഞ്ഞ രണ്ടു തവണയും ഈ തുക തന്നെയാണ് വാർഷിക പദ്ധതി. നിലവിലെ വിഹിതത്തിന് സമാനമായ പദ്ധതി നിർദേശങ്ങളാകും ബജറ്റിൽ ഉൾപ്പെടുത്തുക.
സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ കൂടുതൽ പദ്ധതികൾ പരിഗണിക്കാനിടയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് പദ്ധതിയടങ്കൽ വർധിപ്പിക്കാൻ കഴിയാതെ വരുന്നത്. കേന്ദ്ര വിഹിതത്തിലെ കുറവും പ്രയാസം സൃഷ്ടിക്കുന്നു.
കിഫ്ബി പദ്ധതികൾ ബജറ്റിലേക്ക് നിർദേശിക്കേണ്ടതില്ലെന്ന് എം.എൽ.എമാർക്ക് ധനമന്ത്രി നേരത്തേ നിർദേശം നൽകിയിരുന്നു.