തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി പരിഷ്കരിക്കും. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്മിറ്റ് ഫീസ് എന്നിവ പരിഷ്കരിക്കും. സമഗ്രമായ പരിഷ്കരണം നടപ്പിലാക്കും.
ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്ക്കും പുതുതായി നിര്മിച്ചതും ദീര്ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്ക്കും പ്രത്യേക നികുതി ചുമത്തുന്നതിനുള്ള അനുയോജ്യരീതി നടപ്പിലാക്കും. ഇതിലൂടെ കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്ക്ക് തനത് ഫണ്ടായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില് പറഞ്ഞു.
- സര്ക്കാരിലേക്ക് പരമാവധി വരുമാനം വരുന്നരീതിയില് അണക്കെട്ടുകളില് നിന്ന് മണല്, ചെളി ഖനനം ചെയ്യാനുള്ള നൂതനമായ സംവിധാനം കൊണ്ടുവരും.
- തോട്ടപ്പിള്ളി സ്പില്വേയില് നിന്ന് മണല് നീക്കം ചെയ്ത ഇനത്തില് പത്തുകോടിയലധികം ലഭിച്ചു. ഈ മാതൃക ഡാമുകളിലേക്ക് ഉള്പ്പെടെ വ്യാപിപ്പിക്കുന്നതിലൂടെ ഗണ്യമായ വരുമാനം പ്രതീക്ഷിക്കുന്നു.
വൈദ്യുതി തീരുവ
വാണിജ്യ, വ്യവസായ യൂണിറ്റുകള്ക്ക് ബാധകമായ വൈദ്യുതി തീരുവ അഞ്ചുശതമാനമായി വര്ധിപ്പിക്കും. ഇതിലൂടെ 200 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
കോര്ട്ട് ഫീ
രണ്ടുപതിറ്റാണ്ടായി ജുഡീഷ്യല്, കോര്ട്ട് ഫീ സ്റ്റാമ്പ് നിരക്ക് പരിഷ്കരിച്ചിട്ടില്ല.
ജുഡീഷ്യല്, കോടതി ഫീസ് വര്ധിപ്പിക്കുന്നതിനായി ബന്ധപ്പെട്ട ചട്ടങ്ങള് ഭേദഗതി ചെയ്യും.
മാനനഷ്ടം, സിവില് നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്ക്ക് കോടതി ഫീസ് ക്ലെയിം തുകയുടെ ഒരുശതമാനമായി നിജപ്പെടുത്തും.
മറ്റുകോടതി വ്യവഹാരങ്ങള്ക്കും ഒരുശതമാനം അധികമായി കോര്ട്ട് ഫീ ഏര്പ്പെടുത്തും. ഇതിനായി 1959-ലെ നിയമം ഭേദഗതി ഭേദഗതി ചെയ്യും. ഇതിലൂടെ 50 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു.