ന്യൂഡല്‍ഹി: മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികളെ റാങ്ക് ചെയ്ത ‘ആക്‌സിസ് ബാങ്ക് 2022 ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500’ പുറത്തിറങ്ങി. 226 ലക്ഷം കോടി രൂപയാണ് ലിസ്റ്റിന്റെ മൊത്തം മൂല്യം. മൂന്നൂറ് കമ്പനികളുടെ മൂല്യം വര്‍ധിച്ചപ്പോള്‍ 18 എണ്ണത്തിന്റേത് ഇരട്ടിയായി.
ആറ് കമ്പനികളുടെ മൂല്യം ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതില്‍ നാലെണ്ണം അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളാണ്. 17.2 ട്രില്യണ്‍ രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.ഇരു കമ്പനികളുടേയും മൂല്യം യഥാക്രമം 11.6 ട്രില്യണ്‍ രൂപ, 8.3 ട്രില്യണ്‍ രൂപ. ടെക് ഭീമനായ ഇന്‍ഫോസിസ് നാലാം സ്ഥാനത്താണ്.
ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ഐടിസി എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അദാനി ടോട്ടല്‍ ഗ്യാസ് (എടിജി), അദാനി എന്റര്‍പ്രൈസസ് എന്നിവ മികച്ച 10 സ്ഥാപനങ്ങളുടെ പട്ടികയില്‍ പുതുതായി ഇടം പിടിച്ചു.മൂല്യം യഥാക്രമം 3.96 ട്രില്യണ്‍ രൂപയും 3.81 ട്രില്യണ്‍ രൂപയും.
മേഖല
മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, ധനകാര്യ സേവനങ്ങളും ആരോഗ്യ പരിരക്ഷയും യഥാക്രമം 73, 60 കമ്പനികളുമായി വലിയ ഭാഗം കൈയ്യടുക്കുന്നു. പകുതി ഭാഗവും ആദ്യ അഞ്ച് വ്യവസായങ്ങളാണ്. ധനകാര്യ സേവനങ്ങള്‍ മൊത്തം മൂല്യത്തിന്റെ ഏകദേശം 20 ശതമാനവുമായി മുന്നേറുമ്പോള്‍ സോഫ്റ്റ്വെയര്‍(12.6 ശതമാനം), ടെലികമ്മ്യൂണിക്കേഷന്‍ (10.5 ശതമാനം), ആരോഗ്യ സംരക്ഷണം (8.0 ശതമാനം) എന്നിങ്ങനെയാണ് മറ്റ് മേഖലകളുടെ വിഹിതങ്ങള്‍.
വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍, കൊല്‍ക്കത്ത ആസ്ഥാനമായുള്ള വേദാന്ത് ഫാഷന്‍സ് മുന്നിലാണ്.അദാനി പവറും ബില്‍ഡെസ്‌കും തൊട്ടടുത്ത് നില്‍ക്കുന്നു. കേവല മൂല്യത്തില്‍ അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കി.
നാല് മുന്‍ യൂണികോണുകള്‍-നൈക, സൊമാട്ടോ,പേടിഎം, പോളിസി ബാസാര്‍ -എന്നിവ 2ലക്ഷം കോടിയോളം രൂപ നഷ്ടപ്പെടുത്തുകയും ചെയ്തു.
500 കമ്പനികളുടെ ശരാശരി പ്രായം 39 വര്‍ഷമാണ്. ഇതില്‍ 153 എണ്ണം ഈ സഹസ്രാബ്ദത്തില്‍ സ്ഥാപിതമായി.
ഭൂമിശാസ്ത്രപരമായ സാന്നിധ്യം
ഗ്ലോബല്‍ബീസ്, മെന്‍സ ബ്രാന്‍ഡ്സ്, സെപ്റ്റോ, അപ്ന, ക്രെഡ് തുടങ്ങി 64 എണ്ണം 10 വര്‍ഷം മുന്‍പ് മാത്രം സ്ഥാപിതമായതാണ്. പട്ടികയിലെ ഏറ്റവും പഴക്കമുള്ള കമ്പനി ഈദ് പാരി. 200 ലധികം വര്‍ഷത്തെ ചരിത്രമാണ് കമ്പനിയ്ക്കുള്ളത്. 25 എണ്ണത്തിന് 100 ലധികം വര്‍ഷത്തെ കഥ പറയാനുണ്ട്.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് (ടിഎന്‍), ഡല്‍ഹി, ഹരിയാന എന്നീ 15 സംസ്ഥാനങ്ങളില്‍ നിന്നാണ് പട്ടികയിലെ ഭൂരിഭാഗം എണ്ണവും. നഗരങ്ങളില്‍ 150 എണ്ണം സ്ഥിതി ചെയ്യുന്ന മുംബൈ മുന്നില്‍ നില്‍ക്കുന്നു. 63 എണ്ണവുമായി ബെഗളൂരു രണ്ടാമതും 42 എണ്ണവുമായി ന്യൂഡല്‍ഹി രണ്ടാമതുമാണ്.
സ്ത്രീകളുടെ എണ്ണം
മൊത്തം 664 വനിതാ ഡയറക്ടര്‍മാരാണ് പട്ടികയിലെ കമ്പനികളിലുള്ളത്. ടിസിഎസാണ് ഏറ്റവും വലിയ തൊഴില്‍ ദാതാവ്. കമ്പനിയിലെ 35 ശതമാനം ജീവനക്കാരും സ്ത്രീകളാണ്.
ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ തുടര്‍ന്നുള്ള അഞ്ച് സ്ഥാനങ്ങളില്‍.
രീതിശാസ്ത്രം
ഏറ്റവും മൂല്യമുള്ള 500 സ്ഥാപനങ്ങളുടെ പട്ടികയാണിത്. മൂല്യം അനുസരിച്ച് റാങ്ക് ചെയ്യപ്പെടുന്നു. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനും നോണ്‍-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ മൂല്യനിര്‍ണ്ണയവും ആദാരമാക്കിയാണ് വേര്‍തിരിവ്. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ മാത്രമാണ് പട്ടികയില്‍ ഉള്ളത്.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളും വിദേശ കമ്പനികളുടെ അനുബന്ധ സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല.
പട്ടികയില്‍ ഇടം നേടുന്നതിന്,725 മില്യണ്‍ ഡോളര്‍ അഥവാ 6,000 കോടി രൂപയുടെ മൂല്യം ആവശ്യമാണ്.