ന്യൂഡല്‍ഹി: ട്യൂഷന്‍ സേവന വിഭാഗമായ ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ബൈജൂസ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. 2024 പകുതിയോടെ ഐപിഒ നടത്താനാണ് നീക്കം. ആസൂത്രിതവും വിജയകരവുമായ ലിസ്റ്റിംഗ് ഉറപ്പാക്കാന്‍ മര്‍ച്ചന്റ് ബാങ്കര്‍മാരെ ഉടന്‍ നിയമിക്കും.
അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ (2023-24) ആകാശ് 4,000 കോടി രൂപയുടെ വരുമാനം നേടുമെന്ന് ബൈജൂസ് അറിയിക്കുന്നു. ഇബിഐടിഡിഎ (പലിശ നിരക്ക് മൂല്യത്തകര്‍ച്ചയ്ക്കും അമോര്‍ട്ടൈസേഷനും മുമ്പുള്ള വരുമാനം) 900 കോടി രൂപയാകും.
2021 ഏപ്രിലില്‍ 900 മില്യണ്‍ ഡോളറിന്റെ കരാറിലാണ് ബൈജൂസ് ആകാശിനെ സ്വന്തമാക്കിയത്. അനുബന്ധ കമ്പനിയായ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ ഓഹരികള്‍ ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യുമെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്.
അതേസമയം കമ്പനി 40 മില്യണ്‍ ഡോളര്‍ വായ്പയുടെ പലിശ അടയ്ക്കാനുള്ള സമയപരിധി അഭിമൂഖീകരിക്കുകയാണ്. ആ സമയത്താണ് അനുബന്ധ സ്ഥാപനത്തിന്റെ ഐപിഒയ്്ക്ക് അവര്‍ അനുമതി നല്‍കിയിരിക്കുന്നത്.