
മുംബൈ: 2021 സാമ്പത്തിക വർഷത്തിൽ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ ഏകീകൃത നഷ്ടം 2020 സാമ്പത്തിക വർഷത്തിലെ 231.69 കോടിയിൽ നിന്ന് 20 മടങ്ങ് വർധിച്ച് 4,588.75 കോടി രൂപയായി.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ 2189 കോടിയിൽ നിന്ന് നേരിയ തോതിൽ വർധിച്ച് 2280.26 കോടി രൂപയായി. എന്നാൽ ഈ കാലയളവിലെ അതിന്റെ മൊത്തത്തിലുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ 2511 കോടി രൂപയിൽ നിന്ന് 3 ശതമാനം കുറഞ്ഞ് 2428.39 കോടി രൂപയായി.
അതേപോലെ കമ്പനിയുടെ മൊത്തത്തിലുള്ള ചെലവ് 2020 ലെ 2873.34 കോടിയിൽ നിന്ന് 7027.47 കോടിയായി കുതിച്ച് ഉയർന്നു. ചിലവ് കുത്തനെ ഉയർന്നതാണ് കമ്പനിയെ വലിയ നഷ്ടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷത്തെ അതിന്റെ ചെലവിന്റെ ഭൂരിഭാഗവും ബിസിനസ് പ്രൊമോഷൻ ചെലവുകൾ ആണെന്നത് ശ്രദ്ധേയമാണ്. ഇത് മുൻ സാമ്പത്തിക വർഷത്തെ 900 കോടിയിൽ നിന്ന് 2251 കോടി രൂപയായി ഉയർന്നു.
കൊവിഡ്-19 മായി ബന്ധപ്പെട്ട ബിസിനസ്സ് മോഡലുകളിലെ മാറ്റങ്ങളാണ് വരുമാന വളർച്ചയ്ക്ക് കാരണമായതെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ വർഷത്തിൽ ഓഫ്‌ലൈൻ ഫിസിക്കൽ കോച്ചിംഗ് ശൃംഖലയായ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡിനെയും(എഇഎസ്‌എൽ) ഉന്നത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ഗ്രേറ്റ് ലേണിംഗീനെയും ഏറ്റെടുത്തതായി കമ്പനി അറിയിച്ചു.
ഈ വർഷം ആദ്യം പതിവ് ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിച്ചതിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസ ബിസിനസുകൾക്ക് നേരിയ തോതിൽ തിരിച്ചടി നേരിടേണ്ടി വരുന്നുണ്ട്. ഗ്രൂപ്പ് കമ്പനികളിലുടനീളമുള്ള 2,000-2,500 ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടതായി ആണ് റിപ്പോർട്ടുകൾ. ബൈജൂസ് നിലവിൽ 200-ലധികം ഓഫ്‌ലൈൻ ട്യൂഷൻ സെന്ററുകൾ നടത്തുന്നു, ഈ വർഷാവസാനത്തോടെ ഇത് 500 സെന്ററുകളായി ഉയർത്താൻ ലക്ഷ്യമിടുന്നു.
കൂടാതെ 120-ലധികം രാജ്യങ്ങളിലെ 150 ദശലക്ഷത്തിലധികം പഠിതാക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ആക്‌സസ് ചെയ്യുന്നുണ്ടെന്ന് ബൈജൂസ് അവകാശപ്പെടുന്നു. ചാൻ-സക്കർബർഗ് ഇനിഷ്യേറ്റീവ്, നാസ്പേഴ്‌സ്, സിപിപിഐബി, ജനറൽ അറ്റ്‌ലാന്റിക്, ടെൻസെന്റ്, സെക്വോയ ക്യാപിറ്റൽ, സോഫിന, ടൈഗർ ഗ്ലോബൽ തുടങ്ങിയ നിക്ഷേപകരുടെ പിന്തുണ കമ്പനിക്ക് ഉണ്ട്.