
ബെംഗളൂരു: മൂന്ന് പ്രധാന ഡയറക്ടര്‍മാരുടെയും ഓഡിറ്ററുടെയും രാജിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എഡ്‌ടെക് കമ്പനി ബൈജൂസ്, അസാധാരണ പൊതുയോഗം(ഇജിഎം) വിളിച്ചു. സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ അധ്യക്ഷതയില്‍ ജൂലൈ 4നായിരുന്നു യോഗം. സിഇഒയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ബോര്‍ഡ് ഉപദേശക സമിതി (ബിഎസി) രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്.
കമ്പനി സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഓഹരി ഉടമകളോട് ഇക്കാര്യം പറഞ്ഞതായാണ് വിവരം. ബോര്‍ഡിന്റെ ഘടന, അനുയോജ്യമായ ഭരണ ഘടന എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബിഎസി, സിഇഒയെ ഉപദേശിക്കുക.വിശ്വസനീയമായ പശ്ചാത്തലവും കോര്‍പറേറ്റ് പരിചയ സമ്പത്തുമുള്ള സ്വതന്ത്ര ഡയറക്ടര്‍മാരെ ആയിരിക്കും ബിഎസിയില്‍ ഉള്‍പ്പെടുത്തുക.
മാത്രമല്ല, മൂന്നാഴ്ചയ്ക്കുളളില്‍ മറ്റൊരു ഇജിഎമ്മും സംഘടിപ്പിക്കും.ഓഹരി ഉടമകളില്‍ ഭൂരിഭാഗവും പങ്കെടുത്ത യോഗത്തില്‍, നിക്ഷേപക പ്രതിനിധികള്‍,ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ് ( ഡയറക്ടറും ഭാര്യയും), പുതുതായി നിയമിതനായ സിഎഫ്ഒ അജയ് ഗോയല്‍ എന്നിവര്‍ പങ്കുകൊണ്ടു. ആകാശ് ഐപിഒ ടൈംലൈന്‍, കമ്പനിയുടെ ഓഡിറ്റ്, ടിഎല്‍ബി പരിഹാരവുമായി ബന്ധപ്പെട്ട പുരോഗതി, ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ധനസമാഹരണ ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ 70 ഓളം ഓഹരി ഉടമകള്‍ തേടിയതായാണ് വിവരം.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ടേം ലോണ്‍ ബി വായ്പ നല്‍കുന്നവരുമായി ബൈജൂസ് തര്‍ക്കത്തിലാണ്. കമ്പനിയും ബോണ്ട് ഉടമകളും യുഎസിലെ വിവിധ കോടതികളില്‍ പരസ്പരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.