2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ബൈജൂസിൽ തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ എജ്യൂടെക് കമ്പനിയായ ബൈജൂസിൽ തുടർച്ചയായ രണ്ടാം മാസവും ജീവനക്കാരുടെ ശമ്പളം മുടങ്ങി.

അവകാശ ഓഹരി പുറത്തിറക്കിയതിലൂടെ സമാഹരിച്ച തുക ചെലവഴിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച വിദേശ നിക്ഷേപകരുടെ നിലപാട് മൂലമാണ് ശമ്പളം മുടങ്ങിയതെന്ന് ബൈജൂസ് അധികൃതർ കുറ്റപ്പെടുത്തി. ഫെബ്രുവരി അവസാനമാണ് ഇത് സംബന്ധിച്ച് കോടതി ഉത്തരവിറക്കിയത്.

അവകാശ ഇഷ്യൂ വഴി സമാഹരിച്ച തുക ഉപയോഗിക്കുന്നത് കോടതി നിരോധിക്കുകയായിരുന്നു. നാലു വിദേശ നിക്ഷേപകരുടെ നിരുത്തരവാദപരമായ നടപടി കാരണം ശമ്പള വിതരണം താൽക്കാലികമായി നിർത്താൻ തങ്ങളെ നിർബന്ധിതരാക്കിയെന്ന് ബൈജൂസ് മാനേജ്മെന്റ് കുറ്റപ്പെടുത്തി.

ശമ്പളം വിതരണം വീണ്ടും വൈകുമെന്ന് അറിയിക്കുന്നതിൽ ഖേദിക്കുന്നതായി കമ്പനി മാനേജ്മെന്റ് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും സമാഹരിച്ച തുക വിനിയോഗിക്കാനും സാമ്പത്തിക വെല്ലുവിളികളെ നേരിടാനും അനുവദിക്കുന്ന അനുകൂലമായ ഒരു കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി.

കോടതി വിധി എന്തായാലും, ഏപ്രിൽ 8-നകം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കുകയാണെന്നും ബൈജൂസ് അറിയിച്ചു. കെടുകാര്യസ്ഥത ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ബൈജൂസും നാല് നിക്ഷേപകരായ പ്രോസസ്, ജനറൽ അറ്റ്ലാന്റിക്, സോഫിന, പീക്ക് XV (മുമ്പ് സെക്വോയ) എന്നിവ നിയമപോരാട്ടത്തിലാണ്.

ഏകദേശം 15,000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. കടുത്ത പ്രതിസന്ധിയിലായ ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകൾ പൂട്ടിയത്.

ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും ബൈജു അടച്ചിട്ടിരിക്കുകയാണെന്ന് വിവരം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ എല്ലാ ജീവനക്കാരോടും നിർദേശിച്ചിട്ടുണ്ട്.

X
Top