ബെംഗളൂരു: പ്രമുഖ എഡ് ടെക്ക് കമ്പനിയായ ബൈജൂസ് 700 മില്യൺ ഡോളർ തുക സമാഹരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.
ഏകദേശം രണ്ട് ആഴ്ചക്കുള്ളിൽ തുക സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും, 250 മില്യൺ ഡോളർ ഉടൻ തന്നെ സ്വരൂപിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തുക സമാഹരണവുമായി ബന്ധപ്പെട്ട അന്തിമ ചർച്ചയിലാണ് ബൈജൂസ്.
കമ്പനിക്ക് ആദ്യമുണ്ടായിരുന്ന 22 ബില്യൺ ഡോളർ വാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഇടപാട്.
എന്നാൽ വാർത്തയുമായി ബന്ധപ്പെട്ട ബൈജൂസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയിൽ നിന്നും ഇതിനു മുൻപ് 250 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.
ഈ മാസം അവസാനത്തോടെ കമ്പനി ലാഭത്തിലാക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. പദ്ധതി പ്രകാരം കമ്പനി 2,500 ജീവനക്കാരെ പിരിച്ചുവിടുകയും ഇന്ത്യയിലും വിദേശത്തുമായി 10,000 അധ്യാപകരെ നിയമിക്കുകയും ചെയ്തു.
2020 -21 സാമ്പത്തിക വർഷത്തിൽ കമ്പനി 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2019 -20 സാമ്പത്തിക വർഷത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 19 മടങ്ങ് വർധനവാണ് ഉണ്ടായത്. ഇക്കാലയളവിൽ 231.69 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ റിപ്പോർട്ട് കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. കമ്പനിയിൽ ഒരു ശതമാനത്തിൽ താഴെ മാത്രം ഓഹരികളുള്ള യു എസ് ആസ്ഥാനമായുള്ള നിക്ഷേപക കമ്പനിയായ ബ്ലാക്ക് റോക്ക് 2022 ഡിസംബറിൽ വാല്യൂവേഷൻ 50 ശതമാനം വെട്ടി കുറച്ചു.