ന്യൂഡൽഹി: എജ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ യുഎസ് ആസ്ഥാനമായ വായ്പാദാതാക്കൾക്ക് പിന്നാലെ നിക്ഷേപക സ്ഥാപനങ്ങളും സുപ്രീം കോടതിയെ സമീപിച്ചു.
ബൈജൂസിലെ ഭരണ നടപടിക്രമങ്ങളിലെ കെടുകാര്യസ്ഥത, സാമ്പത്തിക പൊരുത്തക്കേടുകൾ, പണം തിരിമറി, ഇഡി അന്വേഷണം തുടങ്ങിയ വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ തേടിയാണ് നിക്ഷേപകരും നിയമപ്പോരാട്ടത്തിനിറങ്ങിയത്.
10,000 കോടി രൂപയോളം മതിക്കുന്ന വായ്പയുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയ പശ്ചാത്തലത്തിലായിരുന്നു ബൈജൂസിനെതിരെ പാപ്പരത്ത നടപടി (ഇൻസോൾവൻസി) തേടി യുഎസ് വായ്പാദാതാക്കൾ കോടതിയിലെത്തിയത്.
നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബിസിസിഐ) ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ചിരുന്നു.
ആവശ്യം എൻസിഎൽടി അംഗീകരിച്ചതിനാൽ ബൈജൂസിന്റെ പ്രൊമോട്ടർമാരായ ബൈജു രവീന്ദ്രനും മറ്റും കമ്പനിയിന്മേലുള്ള നിയന്ത്രണവും നഷ്ടമായിരുന്നു. ഇതിനെതിരെ ബൈജൂസ് നാഷണൽ കമ്പനി ലോ അപ്‍ലറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽഎടി) സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.
ബിസിസിഐക്ക് നൽകാനുള്ള 158 കോടി രൂപ വീട്ടാമെന്ന് ഒത്തുതീർപ്പ് ചർച്ചയിൽ സമ്മതിച്ചതോടെയായിരുന്നുഇത്. ബൈജൂസിന്മേലുള്ള നിയന്ത്രണം ബൈജു രവീന്ദ്രന് തിരിച്ചുകിട്ടുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിനെ എതിർത്ത യുഎസ് വായ്പാദാതാക്കൾ ഒത്തുതീർപ്പ് അംഗീകരിക്കരുതെന്നും പാപ്പരത്ത നടപടി തുടരണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിലെത്തിയത്.
വായ്പാത്തുക വകമാറ്റിയാണ് ബൈജൂസ് ബിസിസിഐയുമായി ഒത്തുതീർപ്പിൽ എത്തിയതെന്നായിരുന്നു ഇവരുടെ വാദം. ഇത് പരിഗണിച്ച കോടതി എൻസിഎൽഎടിയുടെ വിധി സ്റ്റേ ചെയ്തു. ബൈജുവിന് ബൈജൂസിന്മേലുള്ള നിയന്ത്രണവും നഷ്ടമായി.
നിലവിൽ, കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് രൂപീകരിച്ച്, അവരുടെ കീഴിലായിരിക്കും പാപ്പരത്ത നടപടികളെടുക്കുക. കമ്പനിയിന്മേലുള്ള നിയന്ത്രണം വീണ്ടും നഷ്ടമായതോടെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാനാവാത്താതിനാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ബൈജൂസിന് കഴിഞ്ഞിരുന്നില്ല.
ഇതിനിടെയാണ് നിയമക്കുരുക്ക് കൂടുതൽ മുറുക്കി നിക്ഷേപക സ്ഥാപനങ്ങളും കോടതിയിലെത്തിയത്. ജനറൽ അറ്റ്ലാന്റിക്, പീക് എക്സ്‍വി, സൊഫീന എസ്എ, എംഐഎച്ച് എഡ്ടെക് ഇൻവെസ്റ്റ്മെന്റ്സ് എന്നിവയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
വിഷയത്തിൽ തുടർവാദം നീളുന്നതും സാമ്പത്തിക പ്രതിസന്ധിയും ബൈജൂസിന്റെ ഭാവിയിന്മേൽ കരിനീഴൽ വീഴ്ത്തുന്നുണ്ട്.