ബെംഗളൂരു: പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി എഡ്‌ടെക് ഭീമനായ ബൈജൂസ് നിരവധി ഓഫീസുകള്‍ അടച്ചുപൂട്ടി.വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് ഇന്ത്യയിലുടനീളമുള്ള ഓഫീസുകള്‍ പൂട്ടുന്നത്. ഗുരുഗ്രാം, ബെംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകള്‍ ഇതിനകം പ്രവര്‍ത്തനം നിര്‍ത്തി.
കൂടുതല്‍ അടച്ചുപൂട്ടലുകള്‍ പ്രതീക്ഷിക്കുന്നു. ദി ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, നോയിഡയിലെ ഓഫീസ് ,പ്രവര്‍ത്തനം നിര്‍ത്താനുള്ള ഒരുക്കത്തിലാണ്. നിരവധി റൗണ്ട് പിരിച്ചുവിടലുകള്‍ക്ക് പുറകെയാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം.
ജീവനക്കാരുടെ എണ്ണം കുറഞ്ഞതോടെ ഓഫീസുകള്‍ പ്രവര്‍ത്തന രഹിതമായതായി.കമ്പനി സെക്ടര്‍ 44 ലെ ഓഫീസ് സ്ഥലം ഒഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെ ജീവനക്കാരോടെ ബെംഗളൂരുവിലേക്ക് മാറാനോ ബൈജൂസ് ട്യൂഷന്‍ സെന്ററുകളില്‍ (ബിടിസി) ജോലി ചെയ്യാനോ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ 143 പട്ടണങ്ങളിലായി 302 കേന്ദ്രങ്ങളാണ് കമ്പനിയ്ക്കുള്ളത്. ഓരോ കേന്ദ്രത്തിലും സെയില്‍സ് സ്റ്റാഫിനായി ഒരു ഓഫീസ് റൂമുമുണ്ട്.