
മുംബൈ: എഡ്‌ടെക് യൂണികോണായ ബൈജൂസ് ആകാശ് എജ്യുക്കേഷണൽ സർവീസസ് ഓഹരി ഉടമയായ ബ്ലാക്ക്‌സ്റ്റോൺ ഇങ്കുമായുള്ള കുടിശ്ശിക തീർക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ അവസാനത്തോടെ ബ്ലാക്ക്‌സ്റ്റോൺ ഇങ്ക് എന്ന കമ്പനിക്ക് ബൈജൂസ് 180 മില്യൺ ഡോളറിന്റെ കുടിശ്ശിക തീർക്കാൻ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
2021 ഏപ്രിലിൽ 950 മില്യൺ ഡോളറിന്റെ ക്യാഷ് ആൻഡ് സ്റ്റോക്ക് ഇടപാടിൽ ആകാശ് എജ്യുക്കേഷണൽ സർവീസസ് ഏറ്റെടുക്കാൻ ബൈജൂസ് സമ്മതിക്കുകയും അതിന്റെ ഓഹരി ഉടമകൾക്ക് ഭാഗിക പേയ്‌മെന്റുകൾ നൽകുകയും ചെയ്തു. അതിന്റെ ഭാഗമായി മൊത്തത്തിൽ ബ്ലാക്ക്‌സ്റ്റോണിന് 400 മില്യൺ ഡോളറാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ബൈജൂസ് ഇടപാട് സമയത്ത് ബ്ലാക്ക്‌സ്റ്റോണിന് ഏകദേശം 220 മില്യൺ ഡോളർ മാത്രമാണ് നൽകിയിരുന്നത്.
അതിനാൽ കമ്പനിക്ക് 180 മില്യൺ ഡോളറിന്റെ കുടിശ്ശിക തീർക്കേണ്ടതുണ്ട്. പേയ്‌മെന്റുകൾ ഓഗസ്റ്റ് അവസാനത്തോടെ അവസാനിപ്പിക്കുമെന്ന് നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നതായി ബൈജുസിന്റെ വക്താവ് ജൂലൈ 5 ന് പറഞ്ഞിരുന്നു. ഈ കുടിശ്ശിക തീർക്കാനുള്ള ഇടപാട് അവസാന ഘട്ടത്തിലാണെന്നും, ഇത് അടുത്ത 4-5 ആഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാകുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.