തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മെട്രോ ലൈറ്റ്, ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണ ചുമതല കെ.എം.ആര്‍.എലിനെ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) ഏൽപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയും കോഴിക്കോട്ട് മെട്രോ ലൈറ്റ് പദ്ധതിയുമാണ് നിലവിൽ നടപ്പാക്കാൻ ധാരണയായിട്ടുള്ളത്. പദ്ധതി പ്രദേശത്ത് കൂടി കടന്നു പോകുന്ന മൂന്ന് മേൽപ്പാലങ്ങളുടെ നിര്‍മ്മാണവും കൊച്ചി മെട്രോയെ ഏൽപിക്കാൻ ധാരണയായിട്ടുണ്ട്.
കേന്ദ്രനഗരവികസന മന്ത്രാലയത്തിൻ്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് പുതിയ ഡിപിആര്‍ തയ്യാറാക്കി സമര്‍പ്പിക്കാനും കൊച്ചി മെട്രോയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
മന്ത്രിസഭായോഗത്തിലെ മറ്റു തീരുമാനങ്ങള്‍
ഭൂപരിധി ഇളവ് ഉത്തരവില്‍ ഭേദഗതി
1963 ലെ കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഭൂപരിധിയില്‍ ഇളവനുവദിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ച ഉത്തരവുകളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇളവിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായി നടത്തും.
വകുപ്പ് 81 (3 ബി) പ്രകാരമുള്ള ഇളവിനുള്ള അപേക്ഷ ഭൂമി വാങ്ങിയ / ഏറ്റെടുത്ത തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അത്തരം അപേക്ഷകളില്‍ സര്‍ക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം.
അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട പ്രൊജക്ടിലെ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും ബന്ധപ്പെട്ട പ്രൊജക്ട് വകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും
കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ 2019 ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍ അനുവദിക്കും.
കേരള സാഹിത്യ അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളവും അലവന്‍സുകളും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്‌കരിക്കും.
തസ്തിക
നവകേരളം കര്‍മ്മപദ്ധതി II ന് ആറ് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അന്യത്രസേവനം / കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം.
കേരള സ്റ്റേറ്റ് ഐ ടി മിഷനില്‍ ഹെഡ് ഇന്നൊവേഷന്‍ ആന്റ് റിസര്‍ച്ച് എന്ന തസ്തിക സൃഷ്ടിക്കും. ഹെഡ് ഇ-ഗവേര്‍ണന്‍സ്, ഹെഡ് ടെക്‌നോളജി എന്നീ തസ്തികകള്‍ക്കുള്ള വേതനം ഉയര്‍ത്തും.
വാടക ഇളവ്
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ബോട്ട് ജെട്ടിയിലെ കടമുറികള്‍ക്ക് ലോക്ഡൗണ്‍ കാലയളവിലെ വാടകയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവ് കാരണം 2020 മാര്‍ച്ച് 24 മുതല്‍ ജൂണ്‍ 9 വരെ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്കാണ് ഇളവ് ലഭിക്കുക.
കടമുറികള്‍ വാടകയ്‌ക്കെടുത്ത് കച്ചവടം നടത്തുന്ന കടയുടമകള്‍ക്ക് 75 ശതമാനം ഇളവാണ് അനുവദിക്കുക.