
ഡൽഹി: ബ്രസീലിയൻ ഓയിൽ ബ്ലോക്കിൽ 1.6 ബില്യൺ ഡോളർ അധികമായി നിക്ഷേപിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (ബിപിസിഎൽ) കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ബ്രസീലിലെ ബിഎം-സീൽ-11 കൺസഷൻ പദ്ധതിയുടെ വികസനത്തിനായി ബിപിസിഎല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോ റിസോഴ്‌സ് ലിമിറ്റഡിന്റെ (ബിപിആർഎൽ) അധിക നിക്ഷേപത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയത്.
ഈ ബ്ലോക്ക് 2026-27 മുതൽ ഉത്പാദനം ആരംഭിക്കും. ബ്ലോക്കിൽ ബിപിആർഎല്ലിന് 40 ശതമാനം ഓഹരിയുണ്ട്. ബ്രസീലിന്റെ ദേശീയ എണ്ണക്കമ്പനിയായ പെട്രോബ്രാസാണ് ശേഷിക്കുന്ന 60 ശതമാനം ഓഹരിയുടെ ഉടമസ്ഥർ. ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബ്ലോക്കിൽ ഒന്നിലധികം എണ്ണ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. 2008-ൽ വീഡിയോകോണുമായിയുള്ള പങ്കാളിത്തത്തോടെയാണ് ബിപിസിഎൽ ബ്ലോക്കിന്റെ ഓഹരികൾ ഏറ്റെടുത്തത്.
ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ അസംസ്‌കൃത എണ്ണ വിതരണം വൈവിധ്യവത്കരിക്കുന്നതിനും ഇക്വിറ്റി ഓയിൽ ആക്‌സസ് ചെയ്യാൻ സിസിഇഎ അനുമതി സഹായിക്കും. ബിപിആർഎല്ലിലെ ബിപിസിഎൽ ഇക്വിറ്റി നിക്ഷേപത്തിന്റെ പരിധിയും കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനവും 15,000 കോടി രൂപയിൽ നിന്ന് 20,000 കോടി രൂപയായി ഉയർത്താൻ സിസിഇഎ അംഗീകരിച്ചു. കൂടാതെ, ഇന്റർനാഷണൽ ബിവി ബ്രസീൽ പെട്രോലിയോ ലിമിറ്റഡിലെ ബിപിആർഎൽ ഇന്റർനാഷണൽ ബിവിയുടെ ഇക്വിറ്റി നിക്ഷേപത്തിന്റെ പരിധി നിലവിലെ 5,000 കോടിയിൽ നിന്ന് 15,000 കോടി രൂപയാക്കാനും കമ്പനിക്ക് അംഗീകാരം ലഭിച്ചു.