ദില്ലി: കടക്കെണിയിൽ വലയുന്ന കർഷകർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പ്രതിവർഷം 1.5 ശതമാനം പലിശ ഇളവ് പുനഃസ്ഥാപിച്ചു. തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്കാണ് പലിശ ഇളവ് ലഭിക്കുക. 2022-23, 2024-25 സാമ്പത്തിക വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കർഷകർക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഈ തുക കേന്ദ്രസര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കും. നടപടി കാർഷിക വായ്പകളുടെ ഒഴുക്ക് നിലനിർത്താനും ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനും സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കർഷകർക്ക് കൂടുതൽ വായ്പ ലഭിക്കാൻ ഈ നീക്കം പ്രയോജനപ്പെടുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
കർഷകർക്കും അനുബന്ധമായ മേഖലകളായ മൃഗസംരക്ഷണം, ക്ഷീരോത്പാദനം, കന്നുകാലി വളർത്തൽ, മീൻ വളർത്തൽ എന്നീ മേഖലകളിൽ 7 ശതമാനം പലിശ നിരക്കിലാണ് നിലവിൽ വായ്പ നൽകുന്നത്. മൂന്ന് ലക്ഷം രൂപ വരെയാണ് ഈ നിരക്കിൽ വായ്പയായി നൽകുന്നത്. കൃത്യസമയത്ത് തിരിച്ചടക്കുന്നവർക്ക് അടുത്ത വായ്പ മൂന്ന് ശതമാനം പലിശ നിരക്കിൽ നൽകുന്നുണ്ട്. ഇത് തുടരാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട മേഖലകള്‍ക്കും സര്‍ക്കാര്‍ അധിക വായ്പ പ്രഖ്യാപിച്ചു. നേരത്തെ നാലര ലക്ഷം കോടി രൂപയാണ് വായ്പകള്‍ക്കായി വകയിരുത്തിയിരുന്നത്. ഇപ്പോൾ അത് അഞ്ച് ലക്ഷം കോടിയാക്കിയാണ് ഉയര്‍ത്തിയത്. കൊവിഡിനെ തുടർന്ന് ഈ മേഖല നേരിടുന്ന തിരിച്ചടി മറികടക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.