
ന്യൂഡല്ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖല ടെലികോം സേവനദാതാവായ ബി.എസ്.എൻ.എല്ലിന്റെ പുനരുദ്ധാരണത്തിനായി 89,047 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ. 4ജി/ 5ജി സ്പെക്ട്രം ഉള്പ്പടെയാണ് ഈ പാക്കേജ്.
ബി.എസ്.എൻ.എല്ലിന്റെ അംഗീകൃത മൂലധനം 1,50,000 കോടിയില് നിന്ന് 2,10,000 കോടിയായി ഉയര്ത്തുമെന്നും സര്ക്കാര് പ്രസ്താവനയില് വ്യക്തമാക്കി.
ഈ പാക്കേജ് വഴി ബി.എസ്.എൻ.എല്ലിന്റെ സ്ഥിരത കൈവരിക്കാനാവുമെന്നും കണക്റ്റിവിറ്റി നല്കുന്നതില് ശ്രദ്ധകേന്ദ്രീകരിക്കാനാവുമെന്നും സര്ക്കാര് പറഞ്ഞു.
22 സേവന മേഖലകളിലേക്കായി 700 MHz ബാന്റിലുള്ള 10 MHz സ്പെക്ട്രത്തിന് വേണ്ടിയുള്ള 46,338.60 കോടി രൂപ, 3300 MHz ബാന്റിലുള്ള 70 MHz സ്പെക്ട്രത്തിന് വേണ്ടിയുള്ള 26184.20 കോടി രൂപ, 21 സേവന മേഖലകളിലേക്കായി 26 GHz ബാന്റിലുള്ള 800 മെഗാഹെര്ട്സ് സ്പെക്ട്രത്തിന് വേണ്ടിയും ഒരു സേവന മേഖലയിലേക്കായുള്ള 650 MHz സ്പെക്ട്രത്തിന് വേണ്ടിയുള്ള 6564.93 കോടി രൂപ, ആറ് സേവന മേഖലകളിലേക്കായി 20 MHz സ്പെക്ട്രത്തിനും രണ്ട് മേഖലകളിലേക്കായുള്ള 2500 MHz ബാന്റിലുള്ള 10 MHz സ്പെക്ട്രത്തിന് വേണ്ടിയും 9428.20 കോടി രൂപ എന്നിവ ഈ പാക്കേജില് ഉള്പ്പെടുന്നു.
സ്പെക്ട്രം അനുവദിച്ചതോടെ ബി.എസ്.എൻ.എല്ലിന് രാജ്യവ്യാപകമായി 4ജി, 5ജി സേവനങ്ങളെത്തിക്കാന് സാധിക്കും. 2019-ലാണ് സര്ക്കാര് ബി.എസ്.എൻ.എല്ലിന് ആദ്യ പുനരുദ്ധാരണ പാക്കേജ് അനുവദിച്ചത്.
69000 കോടി രൂപയുടെ പാക്കേജ് ആയിരുന്നു ഇത്. 2022-ല് 1.64 ലക്ഷം കോടി രൂപയുടെ പാക്കേജും അനുവദിച്ചു. ഈ രണ്ട് പാക്കേജുകളുടെ ഫലമായി 2022 സാമ്പത്തിക വര്ഷം മുതല് ബി.എസ്.എൻ.എല്ലിന് പ്രവര്ത്തനലാഭം ലഭിച്ചു തുടങ്ങിയിരുന്നു.
ആകെ കടം 32,944 കോടി രൂപയില് നിന്നു 22,289 കോടിയായി കുറയുകയും ചെയ്തുവെന്നും സര്ക്കാര് പ്രസ്താവനയില് പറയുന്നു.