ന്യൂഡല്‍ഹി: എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം (ഇസിഎല്‍ജിഎസ്) 50,000 കോടി രൂപ മുതല്‍ 5 ലക്ഷം കോടി രൂപവരെയായി വിപുലീകരിക്കാന്‍ കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കി. ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. അധികമായി അനുവദിച്ച തുക ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് മാത്രമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാരണം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കേറ്റ ആഘാതം പരിഹരിക്കുന്നതിനാണ് ഇസിഎല്‍ജിഎസ് പദ്ധതി ആരംഭിച്ചത്. ചെറുകിട സംരഭങ്ങളായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. പിന്നീട് കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചു.
3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പയ്ക്ക് പ്രതിവര്‍ഷം 1.5 ശതമാനം പലിശയിളവ് നല്‍കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. കാര്‍ഷിക മേഖലയില്‍ മതിയായ വായ്പാ പ്രവാഹം ഉറപ്പാക്കുന്നതിനായാണ് ഇത്. ഇതിനായി 34,846 കോടി രൂപയുടെ അധിക ബജറ്റ് വിഹിതം നീക്കിവച്ചിരിക്കുന്നു.
യോഗ്യരായ വായ്പകളില്‍ കര്‍ഷകര്‍ക്ക് 3 ശതമാനം പലിശ ഇളവ് അല്ലെങ്കില്‍ കിഴിവ് സാധാരണപോലെ ലഭിക്കും. വായ്പാ ദാതാക്കള്‍ മുഖേനയാണ് സര്‍ക്കാര്‍ ഇത് ലഭ്യമാക്കുക. വായ്പാ ദാതാക്കള്‍ക്കുള്ള പലിശ പിന്തുണ പുനഃസ്ഥാപിച്ചതായും മന്ത്രി താക്കൂര്‍ പറഞ്ഞു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യപലിശ നിരക്ക് അടുത്തിടെ വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇത്. പരമ്പരാഗത വിജ്ഞാന ഡിജിറ്റല്‍ ലൈബ്രറി ഡാറ്റാബേസ് വിപുലീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. പേറ്റന്റ് ഓഫീസുകള്‍ക്ക് പുറമെയുള്ളവര്‍ക്ക് ഇതോടെ ലൈബ്രറി സേവനം ലഭ്യമാകും.
ഗവേഷകര്‍ക്കും പേറ്റന്റ് അപേക്ഷകര്‍ക്കും ഇനി ലൈബ്രറിയിലേക്ക് പ്രവേശിക്കാന്‍ കഴിയും. ഇത് ഗവേഷണ വികസന പ്രക്രിയ എളുപ്പമാക്കും, മന്ത്രി പറഞ്ഞു.