മുംബൈ: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയവുമായും വകുപ്പുകളുമായും ബന്ധപ്പെട്ട എല്ലാ ഓഡിറ്റുകളും നിർത്തിവെക്കാൻ സി.എ.ജി. (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) നിർദേശം.
നിലവിൽ നടത്തിവരുന്ന എല്ലാ ഓഡിറ്റുകളും നിർത്തിവെക്കാനാണ് സി.എ.ജി. കേന്ദ്ര ഓഫീസിൽനിന്ന് മുതിർന്ന ഓഫീസർമാർക്ക് സെപ്റ്റംബർ 26-ന് ലഭിച്ച നിർദേശം.
മുകളിൽ നിന്നുള്ള ഉത്തരവ് വിശദമായിനൽകാതെ ഓഡിറ്റ് നിർത്തിവെക്കണമെന്ന വിവരം ഫീൽഡിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മുതിർന്ന ഓഫീസർമാർ കൈമാറിയിട്ടുണ്ട്. കേന്ദ്രസർക്കാർ വാക്കാൽ നൽകിയ നിർദേശത്തെത്തുടർന്നായിരിക്കാം ഇത്തരത്തിലൊരു തീരുമാനമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ദ്വാരക എക്സ്‌പ്രസ് ഹൈവേ, ആയുഷ്മാൻ ഭാരത് തുടങ്ങിയ കേന്ദ്രസർക്കാരിന്റെ പദ്ധതികളിലെ അഴിമതി സി.എ.ജി. റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിരുന്നു.
പ്രതിപക്ഷകക്ഷികൾ ഇതേറ്റെടുത്തതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലുമായി. ഈ അഴിമതികൾ പുറത്തുകൊണ്ടുവന്ന മൂന്നു സി.എ.ജി. ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സ്ഥലംമാറ്റിയതും വലിയ വിവാദമുണ്ടാക്കി.
അടുത്തമാസം അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും മാസങ്ങൾക്കുള്ളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ കേന്ദ്രസർക്കാരിനെതിരേ ഇത്തരം റിപ്പോർട്ടുകൾ വരുന്നത് തടയുക എന്ന ലക്ഷ്യംവെച്ചാണ് നീക്കമെന്നാണ് ഇതുമായി അടുത്തുബന്ധമുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
പുതിയ ഓഡിറ്റ് റിപ്പോർട്ടുകളൊന്നും പാർലമെന്റിൽ വരാതെനോക്കേണ്ടത് ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്. പ്രത്യേകിച്ച് അഴിമതിയില്ലാത്ത ഭരണം എന്ന് ഉയർത്തിക്കാട്ടുന്നതിനിടയിൽ ഇത്തരം റിപ്പോർട്ടുകൾ സർക്കാരിനും എൻ.ഡി.എ.യ്ക്കും പ്രത്യേകിച്ച് ബി.ജെ.പി.ക്കും തലവേദന സൃഷ്ടിച്ചേക്കും.
വാജ്‌പേയ് സർക്കാരിന്റെകാലത്ത് കാർഗിൽ യുദ്ധത്തിൽ മരിച്ച ജവാന്മാർക്ക് ശവപ്പെട്ടി വാങ്ങിയതിലുള്ള അഴിമതി പുറത്തുവന്നത് സി.എ.ജി. റിപ്പോർട്ടിലൂടെയായിരുന്നു. 2-ജി സ്‌പെക്‌ട്രം, കോമൺവെൽത്ത് ഗെയിസ്, കൽക്കരിഖനി ലേലം തുടങ്ങിയ അഴിമതികൾ പുറത്തുകൊണ്ടുവന്ന സി.എ.ജി. റിപ്പോർട്ടുകളാണ് രണ്ടാം യു.പി.എ. സർക്കാരിനെ ബാധിച്ചത്.
സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സി.എ.ജി. റിപ്പോർട്ടുകൾക്കുള്ള പങ്ക് ഏറെ പ്രധാനമാണെന്ന് കാണിക്കുന്നതാണ് ഇവ. അതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പുതിയ സി.എ.ജി. റിപ്പോർട്ടുകളൊന്നും പുറത്തുവരാതിരിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്.
എൻ.ഡി.എ. സർക്കാർ നിലവിൽവന്നശേഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നരീതിയിൽ സി.എ.ജി. റിപ്പോർട്ടുകൾ കാര്യമായി വന്നിരുന്നില്ല. 2015-ൽ പാർലമെന്റിൽ 55 റിപ്പോർട്ടുകൾ സമർപ്പിച്ചപ്പോൾ 2020-ൽ എത്തുമ്പോഴേക്കും 14 എണ്ണത്തിലേക്ക് ചുരുങ്ങി.
നിലവിലുള്ള സി.എ.ജി. ഗിരീഷ് ചന്ദ്ര മുർമു 1985 ഗുജറാത്ത് കേഡറിലുള്ള ഐ.എ.എസ്. ഓഫീസറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടുത്തബന്ധമുള്ള അദ്ദേഹം സി.എ.ജി. ആകുന്നതിനു മുമ്പ് ജമ്മുകശ്മീരിലെ (കേന്ദ്രഭരണപ്രദേശമായശേഷം) ആദ്യത്തെ ലഫ്റ്റനന്റ് ഗവർണറായിരുന്നു.
സി.എ.ജി. ഒപ്പുവെച്ചിട്ടു വേണം റിപ്പോർട്ടുകൾ പാർലമെന്റിൽ വെക്കാൻ. പാവപ്പെട്ടവർക്ക് പാചകവാതകം സൗജന്യമായി നൽകുന്ന പ്രധാനമന്ത്രിയുടെ ഉജ്ജ്വൽ യോജന, ദേശീയപാത നിർമാണം തുടങ്ങി ഒട്ടേറെ പദ്ധതികളെക്കുറിച്ച് നിലവിൽ സി.എ.ജി. അന്വേഷിച്ചുവരുകയാണ്.