രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും എണ്ണത്തിൽ ഗണ്യമായ വർധന
ഹൗസിംഗ് ആക്സിലറേറ്റർ ഫണ്ടിന് കീഴിലുള്ള ആദ്യ കരാർ ഫെഡറൽ സർക്കാരും ഒന്റാറിയോയിലെ ലണ്ടൻ നഗരവും തമ്മിൽ
തൊഴിലവസരങ്ങളുടെ വളർച്ചയിലും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലും സമീപഭാവിയിൽ വൻവളർച്ച ലക്ഷ്യമിടുന്ന കാനഡ, രാജ്യത്തെ പാർപ്പിട സൗകര്യങ്ങൾ വലിയതോതിൽ വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മാത്രം നിലവിൽ പദ്ധതിയിട്ടിരിക്കുന്നതിനേക്കാൾ 2000-ലധികം ഭവന യൂണിറ്റുകൾ സൃഷ്ടിക്കുന്നതിനും തുടർന്നുള്ള വർഷങ്ങളിൽ ആയിരക്കണക്കിന് അധിക ഭവന യൂണിറ്റുകൾ നിർമ്മിക്കുന്നതിനും ഫെഡറൽ ഗവൺമെന്റ് ഒന്റാറിയോയിലെ ലണ്ടൻ നഗരവുമായി കരാറിലെത്തിയതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. രാജ്യത്തെ ഭവന നിർമാണ മേഖലയിലുള്ള നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനും, കാലഹരണപ്പെട്ട പ്രാദേശിക നയങ്ങൾ പരിഷ്‌കരിക്കാനും, കൂടുതൽ വീടുകളുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനുമായി ഈ വർഷം ആദ്യം ആരംഭിച്ച ഹൗസിംഗ് ആക്സിലറേറ്റർ ഫണ്ടിന് കീഴിലുള്ള ആദ്യത്തെ കരാറാണിത്. തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ഇത്തരത്തിൽ കൂടുതൽ കരാറുകൾ ഉണ്ടാകുമെന്ന ശക്തമായ സൂചനയാണ് ഫെഡറൽ ഗവൺമെന്റ് അധികൃതർ നൽകുന്നത്.
ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ പഠിക്കുന്ന രാജ്യങ്ങളിലൊന്നായ കാനഡ 9 ലക്ഷത്തോളം അന്താരാഷ്ട്ര വിദ്യാർഥികളെയാണ് ഈ വർഷം രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഒരു ദശാബ്ദം മുൻപു കാനഡയിൽ പഠിക്കാനെത്തിയ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിന്റെ ഏകദേശം മൂന്നിരട്ടിയാണിത്. രാജ്യത്തെ വ്യവസായമേഖല വേഗം വളരുകയും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കാലമായതുകൊണ്ടു തന്നെ വിദേശ വിദ്യാർത്ഥികൾക്കു പഠനശേഷം മികച്ച തൊഴിൽ ലഭിക്കാനുള്ള സാധ്യത കൂടുതലായുണ്ടെന്നാണു വിലയിരുത്തൽ. ഐടി, എൻജിനീയറിങ്, ആരോഗ്യസേവനം, ഫിനാൻസ്-അക്കൗണ്ടിങ്, നിർമാണമേഖല എന്നീ രംഗങ്ങളിൽ വലിയ വളർച്ചയുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും രാജ്യത്തേക്ക് കുടിയേറുന്നവർക്കും വിദേശവിദ്യാർഥികൾക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതും ആരോഗ്യസേവനം, കൃഷി, ഐടി, എൻജിനീയറിങ്ങ് മേഖലകളിലാണ്.
രാജ്യത്തേക്കുള്ള കുടിയേറ്റം വർധിച്ചുവരുന്നത് ഹൗസിംഗ് മേഖലയിൽ സമ്മർദ്ദമുണ്ടാക്കുന്നെന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു. കുടിയേറ്റക്കാർക്ക് വീട് വാങ്ങുന്നതിന് ഒരുവേള ശക്തമായ നിയന്ത്രണങ്ങൾ വരുന്ന സാഹചര്യവും ഉണ്ടായി. എന്നാൽ കുടിയേറ്റവും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണവും നിയന്ത്രിക്കുന്നതിന് പകരം രാജ്യത്തെ പാർപ്പിട സൗകര്യം വർധിപ്പിക്കുന്നതിനായി വിവിധ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന തീരുമാനത്തിലേക്ക് ഒടുവിൽ സർക്കാർ എത്തുകയായിരുന്നു. അതിന്റെ ഭാഗമായി ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുന്നതിനായി നികുതി രഹിത അക്കൗണ്ട് പദ്ധതി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഫോർഡബിൾ ഹൗസിംഗ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൗസിംഗ് ആക്സിലറേറ്റർ ഫണ്ടിന് സർക്കാർ തുടക്കം കുറിച്ചത്.
തദ്ദേശ ഭരണകൂടങ്ങൾക്ക് ഫണ്ടും ഇൻസന്റീവുകളും നൽകിക്കൊണ്ട് അതാത് മേഖലകളിൽ കൂടുതൽ പാർപ്പിട സമുച്ചയങ്ങൾ നിർമിക്കാൻ പ്രോത്സാഹനം നൽകുകയാണ് ഹൗസിംഗ് ആക്സിലറേറ്റർ ഫണ്ടിന്റെ പ്രധാന ലക്ഷ്യം. നഗര മേഖലകൾക്കും റൂറൽ മേഖലകൾക്കും പ്രത്യേകമായാണ് പദ്ധതി നടപ്പാക്കുന്നത്. ജനസംഖ്യ പതിനായിരത്തിന് മുകളിലുള്ള പ്രവിശ്യകളാണ് നഗര വിഭാഗത്തിൽ വരുന്നത്. ജനസംഖ്യ പതിനായിരത്തിൽ താഴെ വരുന്ന പ്രവിശ്യകൾ റൂറൽ കാറ്റഗറിയിൽ പെടുന്നു. 2022 ലെ ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ച ഹൗസിംഗ് ആക്സിലറേറ്റർ ഫണ്ട് സ്‌കീം 2026-27 സാമ്പത്തിക വർഷം വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ കാലഘട്ടത്തിനിടയിൽ 4 ബില്യൺ കനേഡിയൻ ഡോളർ ഫണ്ടിംഗിനായി ചെലവഴിക്കുക വഴി സാധാരണയിൽ അധികമായി ഒരു ലക്ഷം ഭവന യൂണിറ്റുകൾ എങ്കിലും രാജ്യത്ത് ലഭ്യമാക്കുക എന്നതാണ് ഗവൺമെന്റിന് മുന്നിലുള്ള ലക്‌ഷ്യം.