
മുംബൈ: പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 89.51 ശതമാനം ഉയർന്ന് 2,525.47 കോടി രൂപയായി. ഈ മികച്ച ഫലത്തോടെ ബാങ്കിന്റെ ഓഹരി 1.18 ശതമാനം ഉയർന്ന് 252.90 രൂപയിലെത്തി.
പ്രൊവിഷനുകൾക്കും ആകസ്മികതകൾക്കും മുമ്പുള്ള ബാങ്കിന്റെ പ്രവർത്തന ലാഭം മുൻവർഷത്തെ 5,603.64 കോടിയിൽ നിന്ന് 23.23 ശതമാനം ഉയർന്ന് 6,905.48 കോടി രൂപയായപ്പോൾ വായ്പ ദാതാവിന്റെ അറ്റ പലിശ വരുമാനം 18.51% വർധിച്ച് 7,434 കോടി രൂപയായി.
ആസ്തി നിലവാരത്തിന്റെ കാര്യത്തിൽ, ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 52,485.14 കോടി രൂപയായി കുറഞ്ഞു. അതേസമയം മൊത്ത എൻപിഎ അനുപാതം 6.37% ആണ്. പ്രസ്തുത പാദത്തിൽ കാനറ ബാങ്കിന്റെ ആഭ്യന്തര നിക്ഷേപം 7.77% വളർച്ചയോടെ 10,56,519 കോടി രൂപയായി.
അവലോകന കാലയളവിൽ ആഗോള ബിസിനസ് 13.89% വർധിച്ച് 1958111 കോടി രൂപയായതായി പൊതുമേഖലാ ബാങ്ക് അറിയിച്ചു. കാനറ ബാങ്കിന് 9,722 ശാഖകളും, 10,759 എടിഎമ്മുകളും ഉണ്ട്. കൂടാതെ ലണ്ടൻ, ദുബായ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ബാങ്കിന് 3 വിദേശ ശാഖകളുണ്ട്. ഇന്ത്യൻ സർക്കാരിന് ബാങ്കിൽ 62.93% ഓഹരിയാണുള്ളത്.